
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഇടവേളയില്‍ വേണ്ടപ്പെട്ടവരെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് അവരോധിക്കാനുള്ള നീക്കത്തിനു തിരിച്ചടി. അനുമതി യില്ലാതെ ഒരു ഭാരവാഹിയെയും നിയമിക്കരുതെന്ന് ജില്ലാ, ബ്ലോക്ക് കമ്മറ്റികള്‍ക്ക് കെ.പി.സി.സി. നിര്‍ദേശം നല്‍കി. പോളിങ് പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ നടക്കുന്നതിനുള്ള ഇടവേളയില്‍ ജില്ലാ, ബ്ലോക്ക് ഇഷ്ടക്കാരെ ഭാരവാഹിത്വത്തിലേക്കു തിരുകിക്കയറ്റാനുള്ള ശ്രമം പലയിടങ്ങളിലും നടന്നു. ഇത് സംബന്ധിച്ച് മംഗളം വാര്‍ത്ത നല്‍കിയിരുന്നു. കെ.പി.സി.സിയുടെ നിര്‍ദേശത്തോടെ ഈ നീക്കങ്ങളെല്ലാം മരവിപ്പിച്ചിട്ടുണ്ട്.
ഭാരവാഹിത്വം നല്‍കിയവരെ അതത് ഡി.സി.സികളില്‍ സ്വീകരിക്കുകയും ഇവര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുകയും ചെയ്തിരുന്നു. ഭാരവാഹിത്വ ത്തിലേക്ക് എത്തിയതായി മാധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് മരവിപ്പിക്കല്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിബലുകളായി മത്സരിച്ചു വിജയിച്ചവരെ നേരത്തെതന്നെ പലയിടത്തും ആവശ്യാനുസരണം തിരികെ പ്രവേശിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പിണങ്ങി പടി ഇറങ്ങിയ നിരവധിപേര്‍ മടങ്ങിവരവിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തിരുന്നു. ഇവര്‍ക്കൊക്കെയാണ് ഇപ്പോള്‍ പദവികള്‍ നല്‍കുന്നത്.
നേരത്തെ മറ്റ് കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരും നേതാക്കളുടെ ശിപാര്‍ശയില്‍ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പുക ളില്‍ പ്രവര്‍ത്തിച്ചവരെ ഭാരവാഹിത്വത്തില്‍ എത്തിക്കാനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഡി.സി.സി അംഗം, നിര്‍വാഹക സമതി അംഗം എന്നിങ്ങനെയാണ് ജില്ലയില്‍ ലഭിക്കുന്ന പദവികള്‍. അല്പം കുടി ഉയര്‍ന്നവര്‍ക്ക് കെ.പി.സി.സി. അംഗത്വവും നിര്‍വാഹകസമിതി അംഗത്വവും നാമനിര്‍ദേശത്തിലൂടെ ലഭിക്കുന്നുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി. അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കു നടത്തിയ നിയമനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മരവിപ്പിച്ചതായി പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ചിലര്‍ കടന്നുകൂടിയതായി ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്നാണ് പട്ടിക മരവിപ്പിക്കുന്നതെന്നും ജില്ലാതല കോര്‍ കമ്മിറ്റി കൂടി കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പട്ടിക പുനഃപ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.






