
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ മണിയന്‍പിള്ള രാജു ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടന് മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബ് ഫലം പുറത്തുവന്നതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് ഈ കുറ്റം ഒഴിവാക്കിയത്. ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. നിലവില്‍ നടനെതിരെ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസ് മാത്രമാണുള്ളത്.
അപകടവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു. 'ചിക്കുന്‍ഗുനിയ ഉണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു സൈക്കിളില്‍ പോലും മുട്ടിയിട്ടില്ലാത്ത ആളാണ്. പതുക്കെ ഓടിക്കുന്ന ആളാണ്. പേടിച്ചുപോയി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ്. മദ്യപിക്കില്ലെന്ന് ഡോക്ടര്‍ക്ക് വാക്കുകൊടുത്തയാളാണ്. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയാണ് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് അപകടമുണ്ടായത്. ക്ലബ്ബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീണെങ്കിലും കാര്‍ നിര്‍ത്താതെ പോയി. ഭയം കാരണമാണ് വാഹനം നിര്‍ത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും നടന് പിന്നീട് വിശദീകരിച്ചു. പിറ്റേന്ന് രാവിലെ സ്റ്റേഷനില്‍ നേരിട്ടെത്തിയ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. അപകടത്തില്‍പ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുന്‍പ് പുറത്തു വന്നിരുന്നു. ഇന്‍ഡിക്കേറ്റര്‍ ഇട്ട് പാര്‍ക്കിങ്ങില്‍ നിന്ന് പതിയെ മെയിന്‍ റോഡിലേക്ക് പ്രവേശിച്ച കാറിന്റെ മുന്‍വശത്തേക്ക് അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിന് തുടയെല്ലിന് പൊട്ടലും നിദേവിന് കാലിന് ഒടിവുമേറ്റിട്ടുണ്ട്. നിലവില്‍ ഇരുവരും ചികിത്സയിലാണ്.






