
മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന് അറ്റ്ലിയും ഭാര്യ പ്രിയയും. അറ്റ്ലി തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 2026 എപ്രില്‍ 20 നാണ് ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
മകന് മീര്‍ തന്റെ കുഞ്ഞനിയത്തിയെ വരല്വേല്ക്കുന്ന ചിത്രത്തോടു കൂടിയ പോസ്റ്റിലൂടെയൊണ് ദമ്പതികള്‍ ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. യേയ്.. എനിക്കൊരു അനിയത്തിക്കുട്ടി ഉണ്ടായി എന്നെഴുതിയ ബോര്‍ഡിനരികില്‍ മീര്‍ കളിപ്പാട്ട കാറില്‍ ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അനുഗ്രഹീതനായി തോന്നുന്നു എന്നാണ് പോസ്റ്റിനൊപ്പം അറ്റ്ലി കുറിച്ചത്.
ഏറെ വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ലാണ് അറ്റ്ലിയും പ്രിയയും വിവാഹിതരായത്. 2023 ജനുവരിയിലാണ് ഇവര്‍ക്ക് ആദ്യ കുഞ്ഞായ മീര്‍ ജനിച്ചത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു തങ്ങള്‍ രണ്ടാമതൊരു കുഞ്ഞിനെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണെന്ന സന്തോഷ വാര്‍ത്ത ദമ്പതികള്‍ പങ്കുവെച്ചത്. അന്ന് വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെയുളള കുടുംബ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധനേടിയിരുന്നു.
അറ്റ്ലിയുടെയും പ്രിയയുടെയും ജീവിതത്തിലെ ഈ സന്തോഷനിമിഷത്തില്‍ സിനിമാ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര് ആശംസകളുമായി രംഗത്തെത്തി. സമന്ത, അനന്യ പാണ്ഡെ, ഹുമ ഖുറേഷി, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അതേസമയം 'ജവാന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അല്ലു അര്‍ജുനും ദീപിക പദുകോണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 'Raaka'എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ 8-ന് അല്ലു അര്‍ജുന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയിരുന്നു. വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.






