
തിരുവനന്തപുരം: കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് നടത്തുന്ന പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനം പൊതുസമൂഹം വലിയ തോതിൽ സ്വാഗതം ചെയ്തിരിക്കെ സമയം സംബന്ധിച്ച തീരുമാനത്തിന് എതിരേ ഭരണ യൂണിയൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അപ്രായോഗിക തീരുമാനം അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കി ഇടത് അനുകൂല സംഘടനയായ കെ എസ് ടി എ ആവശ്യപ്പെട്ടു.
കഴിഞ്ഞ അധ്യയനവർഷം 8,9 ക്ലാസുകളിൽ വിജയകരമായി നടത്തിയ ഈ പ്രവർത്തനം ഈ വർഷം അഞ്ചു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശത്തെ QIP യോഗത്തിൽ എല്ലാ സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുമ്പ് നിശ്ചയിച്ചിരുന്ന 9.30 മുതൽ 12.30 വരെയെന്ന സമയക്രമം 7.30 മുതൽ 10.30 വരെയായി പുനക്രമീകരിച്ചത് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിൽ എത്തിച്ചേർന്ന് പഠന പിന്തുണ പ്രവർത്തനം നടത്താൻ ഈ സമയക്രമം ബുദ്ധിമുട്ടാണ്.
സ്കൂളുകളിൽ ജോലിചെയ്യുന്ന ബഹുഭൂരിഭാഗം വരുന്ന അധ്യാപികമാർക്കും വിദ്യാർത്ഥികൾക്കും അതിരാവിലെ സ്കൂളുകളിൽ എത്തിച്ചേരുക എന്നത് ദുഷ്കരമാണ്.അതിനാൽ ഇപ്പോൾ നിശ്ചയിച്ച അപ്രായോഗിക സമയക്രമം മാറ്റി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി പ്രസിഡണ്ട് എ കെ ബീന എന്നിവർ വിദ്യാഭ്യാസ അധികൃതരോട് ആവശ്യപ്പെട്ടു






