
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. നേത്രാവതി എക്‌സ്പ്രസില്‍ വെച്ച് വിഷ്ണുതന്നെ സഹോദരനെ വിളിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നാട്ടിലേക്ക് വരാനില്ലെന്ന് പറഞ്ഞ വിണുവിനെ പിന്നീട് പയ്യന്നൂര്‍ സ്‌റ്റേഷനില്‍ വെച്ച് കണ്ടെത്തി. എട്ടു ദിവസത്തിന് ശേഷമാണ് വിഷ്ണുവിന്റെ വിവരം പുറംലോകം അറിയുന്നത്.
നേത്രാവതി എക്‌സ്പ്രസില്‍ നിന്നും ഒരു സഹയാത്രികന്റെ ഫോണ്‍വാങ്ങി വിഷ്ണു കുടുംബവുമായി സംസാരിച്ചു. ഇയാള്‍ക്ക് സാമ്പത്തീക ബാദ്ധ്യത ഏകദേശം ഒരു ലക്ഷം രൂപയോളമുണ്ട്. ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപയും എടുത്തിരുന്നു. ഇതിന് പുറമേ പലിശയ്ക്ക് എടുത്ത മറ്റു വായ്പകളും ഉണ്ട്. ബ്‌ളേഡ് മാഫിയയുടേയും ലോണ്‍ ആപ്പിന്റേയും ഭീഷണികള്‍ വിഷ്ണുവിനെ തേടി വരികയായിരുന്നു.
സഹയാത്രക്കാരന്റെ ഫോണില്‍ നിന്നും വിഷ്ണു ആദ്യം സഹോദരന്‍ അദ്വൈദിനെ വിളിച്ച് സംസാരിച്ചു. വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങള്‍ തന്നെ പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ അമ്മാവന്‍ പയ്യന്നൂരെത്തി ഇയാളെ കണ്ട് സംസാരിച്ചതായി കുടുംബം അറിയിച്ചു. താന്‍ നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു.
എന്നാല്‍ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരന്‍ വിഷ്ണുവിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. ഇയാള്‍ക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിഷ്ണു അവശനായ നിലയിലാണെന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിഷ്ണു നാട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ മാത്രമേ ലോണ്‍ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മദ്ദം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.






