
ന്യൂഡല്‍ഹി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ ഒരു ഫ്രോഡാണ്. ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. അന്‍വര്‍ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവിട്ടു. നിരവധി നേതാക്കള്‍ ടിഎംസിയില്‍ എത്തുമെന്ന് പറഞ്ഞ കത്താണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.
അന്‍വറിന് രാഷ്ട്രീയ സ്ഥിരതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇയാള്‍ ഒരിക്കലും ജയിക്കില്ല. ഇന്ന് പറയുന്നതല്ല നാളെ പറയുക. അധികാര മോഹിയാണ്. ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും. ഇയാള്‍ക്ക് അധികാരമില്ലാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു ഫ്രോഡാണിയാള്‍. ഇയാള്‍ ഫ്രോഡാണെന്നും ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അതുകാരണം, അദ്ദേഹത്തിന് കൊടുക്കുന്ന പിന്തുണ നിര്‍ത്തിവെച്ചു. അയാള്‍ക്ക് രാഷ്ട്രീയത്തില്‍ നിലപാടില്ല – അദ്ദേഹം പറഞ്ഞു. കെ കെ രമ, തോമസ് കെ തോമസ്, പ്രതിഭ ഹരി, കെ പി മോഹനന്‍ തുടങ്ങിയവര്‍ അന്‍വറിനോപ്പം അണിചേരുമെന്ന വാഗ്ദാനമാണ് കത്തിലുള്ളത്.
യു പ്രതിഭ, കെ കെ രമ, കോവൂര്‍ കുഞ്ഞുമോന്‍, കെ പി മോഹനന്‍, തോമസ് കെ തോമസ് തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് അൻവർ കത്തിൽ പറയുന്നുണ്ട്. ജി സുധാകരന്‍, ഷൈന്‍ ടീച്ചര്‍, കാരാട്ട് റസാഖ്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, രാജേന്ദ്രന്‍ ഇടുക്കി, സി ദിവാകരന്‍, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, കെ കെ ഷാജു, സുരേഷ് കുറുപ്പ്, മുഹമ്മദ് ഇഖ്ബാല്‍, പി സി തോമസ്, സഭാ വേങ്ങര, റോസക്കുട്ടി ടീച്ചര്‍, അഡ്വ. റഷീദലി, ഉമേഷ് ചാലിയില്‍, എം പി ഫൈസല്‍, ഐ എം വിജയന്‍ തുടങ്ങിയ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ കത്തില്‍ പറയുന്നുണ്ട്.






