
വാഷിംഗ്ടണ്‍: മദ്ധ്യേഷ്യയിലെ വെടിനിര്‍ത്തലിന് ആശങ്ക സൃഷ്ടിച്ചുകൊണ്ട് അമേരിക്ക പിടിച്ചെടുത്ത ഇറാന്‍ കപ്പലിനെതിരേ ആരോപണം ഉയര്‍ത്തി അമേരിക്കന്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹാലി. ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് അമേരിക്കന്‍ നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ മിസൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളാണെന്നും ഇത് ചൈനയില്‍ നിന്നും കൊണ്ടുവന്നതായിരുന്നു എന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹേലിയുടെ ആരോപണം.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് യുഎസ് പിടിച്ചെടുത്ത കപ്പല്‍ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്നു. ിസൈലുകള്‍ക്കാവശ്യമായ രാസവസ്തുക്കളുടെ വിതരണവുമായി ഇതിന് ബന്ധമുണ്ട്. നിര്‍ത്താനുള്ള ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ കപ്പല്‍ നിരസിച്ചതായി നിക്കി ഹേലി എക്സില്‍ കുറിച്ചു. അമേരിക്കന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം പിടിച്ചെടുക്കുന്ന ആദ്യ ഇറാനിയന്‍ കപ്പലാണിത്. യുദ്ധത്തില്‍ ഇറാനെ ചൈന സഹായിക്കുന്നു എന്നും ആരോപിച്ചു. കപ്പല്‍ നേരത്തെയും സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സാധനങ്ങള്‍ കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിക്കി ഹേലിയുടെ ഈ പ്രസ്താവന ചൈന-അമേരിക്ക ബന്ധത്തിലും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നേക്കാം. ഇറാന്റെ പതാക വഹിച്ച 'തൗസ്‌ക' എന്ന കണ്ടെയ്‌നര്‍ കപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സിന്റെ ഭാഗമായ ഈ ചെറിയ കണ്ടെയ്‌നര്‍ കപ്പല്‍, ഞായറാഴ്ച ഒമാന്‍ ഉള്‍ക്കടലിലെ ചഹാബര്‍ തുറമുഖത്തിന് സമീപം വെച്ചാണ് പിടിച്ചെടുത്തതെന്ന് കപ്പല്‍ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ 'മറൈന്‍ ട്രാഫിക്' പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ചൈനയില്‍ നിന്ന് വരികയായിരുന്ന കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി 'സായുധ കടല്‍ക്കൊള്ള' എന്നായിരുന്നു ഇറാന്റെ ആരോപണം. ഇതോടെ പാകിസ്താനില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളും പ്രതിസന്ധിയായി. ഉപരോധം പിന്‍വലിക്കുന്നത് വരെ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും ടെഹ്റാന്‍ വ്യക്തമാക്കി.
അമേരിക്കയുടെ ഈ 'നഗ്‌നമായ ആക്രമണത്തെ' നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ കപ്പലിലുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം തങ്ങളെ നിയന്ത്രിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു. അതേസമയം, ഏഷ്യയില്‍ നിന്നുള്ള യാത്രയ്ക്ക് ശേഷം കപ്പലില്‍ സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് യുഎസ് സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കപ്പലില്‍ ഉണ്ടായിരുന്ന സാധനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ലോഹങ്ങള്‍, പൈപ്പുകള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ തുടങ്ങിയവ സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സാധനങ്ങളുടെ പട്ടികയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.






