
മെക്സിക്കോയിലെ സിനലോവയിലുള്ള എല്‍ റൊസാരിയോ സ്വര്‍ണ്ണഖനിയില്‍ 14 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ അത്ഭുതകരമായ രക്ഷപ്പെടലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 42-കാരനായ ഫ്രാന്‍സിസ്കോ സപാത നജേരയാണ് രണ്ടാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് അതിജീവനം നടത്തിയത്. ഖനിയുടെ ഒരു ഭാഗം തകര്‍ന്ന് വെള്ളം ഇരച്ചുകയറിയതിനെ തുടര്‍ന്ന് 300 മീറ്റര്‍ താഴ്ചയിലാണ് ഫ്രാന്‍സിസ്കോ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ കുടുങ്ങിയത്.
അപകടസമയത്ത് ഖനിയിലുണ്ടായിരുന്ന 25 തൊഴിലാളികളില്‍ 21 പേര് രക്ഷപ്പെട്ടെങ്കിലും ഫ്രാന്‍സിസ്കോ അടക്കം നാലുപേര്‍ അകത്തായിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ചാം ദിവസം ഒരാളെ ജീവനോടെ പുറത്തെത്തിക്കാനും മറ്റൊരാളുടെ മൃതദേഹം കണ്ടെത്താനും സാധിച്ചു. എന്നാല്‍ ഫ്രാന്‍സിസ്കോയെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ തിരച്ചില്‍ 300 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ടോര്‍ച്ചിലെ നേരിയ വെളിച്ചം രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
അരയ്ക്കൊപ്പം വെള്ളമുള്ള ഇടുങ്ങിയ ഭൂഗര്‍ഭ ടണലിലായിരുന്നു ഫ്രാന്‍സിസ്കോ കഴിഞ്ഞിരുന്നത്. അതികഠിനമായ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പൊരുതിയ അദ്ദേഹം, തന്നെ തേടിയെത്തിയ രക്ഷാപ്രവര്‍ത്തകരോട് തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ലെന്ന് പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ അദ്ദേഹത്തെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കുടിവെള്ളവും എനര്‍ജി ബാറുകളും നല്കിയ ശേഷം സുരക്ഷിതമായ മറ്റൊരു മാര്‍ഗത്തിലൂടെയാണ് പിന്നീട് സംഘം ഇദ്ദേഹത്തെ സമീപിച്ചത്.
രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഫ്രാന്‍സിസ്കോയെ തെര്‍മല്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ഖനിക്ക് പുറത്തെത്തിച്ചു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രയും ദിവസം ഭൂമിക്കടിയില്‍ കഴിഞ്ഞിട്ടും അദ്ദേഹം സംസാരിക്കാനുള്ള ആരോഗ്യം വീണ്ടെടുത്തത് വൈദ്യശാസ്ത്രത്തെയും രക്ഷാപ്രവര്‍ത്തകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പുറത്തുവന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.






