
ബോളിവുഡ് നടി അനീത് പദ്ദയുടെ മുത്തച്ഛന്‍ അന്തരിച്ചു. തന്റെ ജീവിതത്തിലെ ഏക സ്‌നേഹം എന്ന് മുത്തച്ഛനെ വിശേഷിപ്പിച്ച താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദു:ഖവാര്‍ത്ത പങ്കുവെച്ചത്. മുത്തച്ഛന്റെ കെകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോടൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഓര്‍മ്മകളില്‍ നിന്ന് അകന്നുപോകുമ്പോഴും കൊച്ചുമകളെ മറന്നില്ല. ഓര്‍മ്മകള്‍ കൈവിട്ടുപോയപ്പോഴും സ്‌നേഹത്തെ മുറുകെ പിടിച്ചു. നിങ്ങളുടെ തമാശകളും കഥകളും ദയയും ഞാന്‍ എന്നും ലോകത്തോട് പങ്കുവെക്കും. പഠിപ്പിച്ചുതന്ന നിരുപാധികമായ സ്‌നേഹം ഞാന്‍ എന്നും കൂടെക്കൂട്ടും. ആകാശത്തിലെ ഏറ്റവും തിളക്കമുളള നക്ഷത്രത്തെ ഇന്ന് ഞാന്‍ കണ്ടു. നിങ്ങള്‍ എവിടെയാണെന്ന് എനിക്കറിയാം . ലവ് യൂ ദാദു ’എന്നാണ് അനീത് കുറിച്ചത്.
മോഹിത് സൂരി സംവിധാനം ചെയ്ത സൈയാറ എന്ന ചിത്രത്തിലൂടെയാണ് അനീത് പദ്ദ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. അഹാന്‍ പാണ്ഡെ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2026 ലെ ചേതക് സ്‌ക്രീന്‍ അവാര്‍ഡ്‌സില്‍ മികച്ച നവാഗത നടിക്ക് ഉള്‍പ്പെടെയുളള നിരവധി പുരസ്‌കാരങ്ങള്‍ അനീതിനെ തേടിയെത്തിയിരുന്നു.





