
തൃശൂര്‍: വെടിമരുന്നുപുരയിലേക്ക് മിന്നല്‍പ്പിണര്‍ പോലെ തീപ്പൊരി ചിതറിവീഴുന്നതു കണ്ടമാത്രയില്‍ ജീവന് കൈയില്‍ പിടിച്ചാണ് തൊഴിലാളിയായ ഒലക്കേങ്കില്‍ വില്‍സണ്‍ പാടത്തേക്കിറങ്ങി ഓടിയത്.
കൂട്ടുതൊഴിലാളികളടക്കം പടക്കങ്ങള്‍ പാകപ്പെടുത്തുന്ന വെടിക്കെട്ടുപുര ഒന്നൊന്നായി പിന്നില്‍ കത്തിയമരുന്നത് നടുക്കത്തോടെ നോക്കിനില്‍ക്കാനേ വില്‍സനു സാധിച്ചുള്ളൂ. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരും പരുക്കേറ്റവരും മലയാളികളാണെന്ന് അപകടത്തില്‍ നിന്നു രക്ഷപ്പെട്ട അദ്ദേഹം പറഞ്ഞു. വെടിക്കെട്ടിനായുളള പടക്കനിര്‍മാണത്തില്‍ നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല.
ചൂടുമൂലമാകാം പൊട്ടിത്തെറിയുണ്ടായതെന്നും വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ടിന്റെ ലൈസന്‍സി സതീശനോടൊപ്പം ഏഴുവര്‍ഷമായി ജോലിചെയ്യുന്ന തൊഴിലാളിയാണ് പ്രദേശവാസി കൂടിയായ വില്‍സണ്‍.
''ജോലി ചെയ്യുമ്പോള്‍ കനത്ത ചൂടായിരുന്നു. അതുകൊണ്ടാകാം പൊട്ടിത്തെറിയുണ്ടായത്. തിരിമറിച്ചിടുന്ന ജോലിയാണ് ഞാന്‍ ചെയ്തു കൊണ്ടിരുന്നത്. അഞ്ചുമീറ്റര്‍ അകലെ പെട്ടെന്ന് കനത്ത ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായി. തിരിഞ്ഞുനോക്കുമ്പോഴേക്കും തിരിയെല്ലാം കത്തിയിരുന്നു. ഉടന്‍തന്നെ കൈയിലുണ്ടായിരുന്ന കരിമരുന്നുകളും തിരിയും താഴെയിട്ട് ഓടുകയായിരുന്നു. അതിനിടയില്‍ത്തന്നെ ഷെഡ്ഡുകള്‍ ഓരോന്നായി പൊട്ടിത്തുടങ്ങി. പിന്നെ എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു. രണ്ടു മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ടാണ് എല്ലാം സംഭവിച്ചത്. വേലിക്കമ്പി എടുത്തുചാടിയാണ് ഞാന്‍ പാടത്തേക്കെത്തിയത്. എന്തോ ഭാഗ്യത്തിനാണു രക്ഷപ്പെട്ടത്.'' വില്‍സണ്‍ പറഞ്ഞു.






