
തൃശൂര്‍: കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ ശക്തമായ പരിശോധന. തുടര്‍ച്ചയായി പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തില്‍ വീട്ടിനുള്ളിലും പരിസരത്തും കേന്ദ്രീകരിച്ചാണ് പരിശോധന. കാടുവെട്ടിത്തെളിച്ചും ബാത്ത്‌റൂമിന്റെ ഒരുഭാഗം പൊളിച്ചാണ് പരിശോധന. പക്ഷേ പാമ്പിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാത്ത്‌റൂമിലെ പൈപ്പിലൂടെ വീട്ടിനുള്ളിലേക്ക് പാമ്പു കടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ തറയുടെ ഒരുഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്.
നേരത്തേ ഇവിടെ നിന്നും അഞ്ചു പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. സര്‍പ്പാ ടീമാണ് പരിശോധന നടത്തുന്നത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട അഞ്ചാമത്തെ പാമ്പിനെ കൂടി കണ്ടെത്തിയതോടെയാണ് കുടുംബം പരിഭ്രാന്തരായത്്. പാമ്പിന്റെ മുട്ടയും കുഞ്ഞുങ്ങളും ഇവിടെയുണ്ടാകാമെന്ന പ്രതീക്ഷയിലാണ് പരിശോധന. ഇരുട്ടാകുമ്പോഴാണ് സാധാരണഗതിയില്‍ വീടിനുള്ളില്‍ പാമ്പിനെ കണ്ടെത്തുന്നതെന്നും എല്ലാദിവസം വൈകിട്ട് ഏഴരയോടെയാണ് പാമ്പ് വരുന്നതെന്നുമാണ് കുടുംബനാഥന്‍ പറയുന്നത്. അതേസമയം ഇതുവരെ പാമ്പിനെ കണ്ടെത്താനായില്ല. ഇനി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ പൂര്‍ണ്ണമായും സീല്‍ ചെയ്യാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
മിനിഞ്ഞാന്ന് വരെ ഈ വീട്ടില്‍ ആളുകള്‍ താമസിച്ചിട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കുട്ടികള്‍ കിടന്നിരുന്ന കിടപ്പ് മുറിയില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തിയത്. അതിനു ശേഷം സര്‍പ്പ ടീമംഗങ്ങള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് വീട്ടുകാരടക്കം ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ശുചിമുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. രണ്ട് മാസത്തോളം പ്രായമുള്ള ശംഖ്വരയന്‍ ഇനത്തില്‍ പെട്ട പാമ്പുകളാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഇക്കഴിഞ്ഞ 19 നാണ് സഹോദരങ്ങളായ അനോഷിനും ആന്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കടിയില്‍ ഉണ്ടായിരുന്ന പാമ്പിന്റെ കടി ഏല്‍ക്കുന്നത്. ആന്‍ജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ ഇന്നലെയാണു വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.






