
മലയാള സിനിമയ്ക്ക് അടുത്തിടെയായി ചെറിയ രീതിയിലൊരു ശനിദശയുണ്ട്. വളരെപെട്ടെന്നാണ് നിസ്സാര കാര്യങ്ങൾ പോലും കത്തി വൻ വിവാദമായി മാറുന്നത്. ഇക്കഴിഞ്ഞ ദിവസം നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പൊട്ടികരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ മറ്റൊരു വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
നിര്‍മ്മിച്ച സിനിമകള്‍ സമ്മാനിച്ച നഷ്ടം തനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അറിയിച്ചുകൊണ്ടുള്ളതായിരുന്നു മുരളി കുന്നുംപുറത്തിന്റെ വീഡിയോ. ‘സുമതി വളവ്’ സിനിമയുമായി ബന്ധപെട്ട് വന്ന വിവാദങ്ങൾക്ക് പിന്നാലെ മാളികപ്പുറം സിനിമയും വാർത്തകളിൽ നിറഞ്ഞു. അതോടെ ഇപ്പോൾ സംഭവിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞത്തോടെ സംഭവം ആളിക്കത്തി.
ഇപ്പോഴിതാ വീണ്ടും ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുരളി കുന്നുംപുറത്ത്. മുരളിയുടെ മാധ്യമ പ്രതികരണങ്ങള്‍ ശ്രദ്ധ നേടിയതിന് പിന്നാലെ മറ്റൊരു നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി മുരളിയെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മുരളി കുന്നുംപുറത്തിന്റെ പുതിയ കുറിപ്പ്.
‘‘ഒരു ദിവസം മൂകാംബിക അമ്മയുടെ അടുത്ത് നിന്ന് തൊഴുതു ഇറങ്ങുമ്പോൾ ആണ് വേണു സാർ എന്നെ വിളിച്ചത് ‘സുമതി വളവ്’ സിനിമ എന്തായി എന്ന് ചോദിക്കുന്നത് ഞാൻ പറഞ്ഞു ‘എല്ലാം ഓക്കേ ആണ് സിനിമ...അടുത്തമാസം ഷൂട്ടിംഗ് തുടങ്ങുകയാണ്...’ എന്ന് വേണു സാർ എന്നോട് അന്ന് കുറച്ച് കാര്യങ്ങൾ പറഞ്ഞു അതു ഞാൻ കേട്ടിരുന്നെങ്കിൽ എനിക്കെ ഈ അവസ്ഥ വരില്ല ആയിരുന്നു...’’ എന്നാണ് മുരളി കുന്നംപുറത്ത് കുറിച്ചിരിക്കുന്നത്.
വിവാദവീഡിയോ പങ്കിട്ട ശേഷമുള്ള ദിവസം തന്നോട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുരളി കുന്നംപുറം പറഞ്ഞത്. നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളില്‍ നിന്ന് തനിക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും സംഭവിച്ച വീഴ്ചകളെക്കുറിച്ചുമൊക്കെ മുരളി കുന്നുംപുറത്ത് വിശദീകരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി സുമതി വളവ് സിനിമയുടെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, രചയിതാവ് അഭിലാഷ് പിള്ള. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ വിജേഷ് പാണത്തൂര്‍ എന്നിവര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പ്രതികരിച്ചും നിര്‍മ്മാതാവിനെ കുറ്റപ്പെടുത്തി ഉള്ളതുമായിരുന്നു ഇവരുടെ വാര്‍ത്താ സമ്മേളനം.
മുരളിയുടെ വീഡിയോ മാധ്യമ പ്രതികരണങ്ങള്‍ ശ്രദ്ധ നേടിയപ്പോള്‍ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി മുരളിയെ പിന്തുണച്ചുകൊണ്ട് പങ്കിട്ട പോസ്റ്റില്‍ സിനിമയിലെ ചതിക്കുഴികളെക്കുറിച്ചാണ് കുറിച്ചത്.
‘‘സിനിമയിലെ ചതിക്കുഴികൾ....
സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിന്റെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്...
ഈ സിനിമയുടെ കഥ ഏതാനും വർഷങ്ങൾക്കു മുന്നേ ഞാൻ കേട്ടതാണ്...സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഇതിൻറെ പ്രൊഡ്യൂസർ മുരളിയെ ദുബായിൽ വച്ച് കണ്ടപ്പോൾ, സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും, കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും, ഇപ്പോഴുമോർക്കുന്നു...എന്നാൽ അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി...
അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്...റിലീസിന് മുമ്പ്, ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി , സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി...അദ്ദേഹത്തോട് ഞാനന്നു പറഞ്ഞത്, ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്...
പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി , സിനിമ തിയേറ്ററിലേക്കെത്തി...എൻറെ അറിവിൽ , പ്രൊഡക്ഷന്റെ എക്സ്പെൻസും, റിലീസ് എക്സ്പെൻസുമെല്ലാം ചേർന്നപ്പോൾ , ഏകദേശം 20 കോടി ചിലവായിരുന്നു... ഇദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒട്ടുമിക്കതും സത്യമാണെന്നാണ് എന്റെ അറിവ്...പിന്നെ ഇതിൽ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമന്റ് ചെയ്യുന്നില്ല...
ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത്, അവനെ പറഞ്ഞു വശത്താക്കി, സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോൾ , കുറച്ചെങ്കിലും ചിന്തിക്കുക, എനിക്ക് ഇതിനുള്ള കഴിവുണ്ടോ ?ഞാനിതിന് പ്രാപ്തനാണോ എന്ന് !!!
ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല , നൂറുകണക്കിന് നിർമിതാക്കൾ കുത്തുപാളയെടുത്ത്, ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്...പലരും മാനനഷ്ടമോർത്ത് പുറത്തു പറയുന്നില്ലെന്ന് മാത്രം... ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്...വല്ലവരുടേയും പണം കൊണ്ട്, ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി....
സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ, ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവർത്തകരേയും ,ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസർമാരെ ചേർത്തുകൊണ്ടിരിക്കുന്നവന്മാരേയും, സംവിധാനം പോയിട്ട് ,ആർട്ടിസ്റ്റുകൾക്ക് കുട പിടിച്ചു കൊടുക്കാൻ പോലും യോഗ്യതയില്ലാത്തവൻമാരേയും ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും... സിനിമാ അസോസിയേഷനുകളുടെ, തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ?...’’ എന്നായിരുന്നു വേണു കുന്നപ്പിള്ളിയുടെ പോസ്റ്റ്.






