
തിരുവനന്തപുരം: വന്‍ വിവാദമായ 2008-ലെ ഐപിഎല്‍ 'സ്ലാപ്ഗേറ്റ്' സംഭവത്തിലൂടെ മൂന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് ഏകദേശം 1 കോടി രൂപ സമ്പാദിച്ചുവെന്ന ഗുരുതര ആരോപണവുമായി രണ്ടു തവണ ലോകകപ്പ് ജേതാവായ മുന്‍ ഇന്ത്യന്‍താരം എസ്. ശ്രീശാന്ത്. 2008-ലെ 'സ്ലാപ്ഗേറ്റ്' സംഭവം വീണ്ടും അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമായിരിക്കെ ഇരുവരും തമ്മില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള ഒരു പരസ്യത്തിലൂടെ ഹര്ഭജന് ഏകദേശം 1 കോടി രൂപ സമ്പാദിച്ചതായി ശ്രീശാന്ത് ആരോപിക്കുന്നു. ഹര്‍ഭജനെ ഇന്‍സ്റ്റാഗ്രാമില്‍ ശ്രീശാന്ത് ബ്ലോക്ക് ചെയ്യുകയും ഇനി അദ്ദേഹത്തെ ഒരു സഹോദരനായി കാണുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കന്നി ഐപിഎല്‍ സീസണില്‍ ശ്രീശാന്ത് കിംഗ്സ് ഇലവന് പഞ്ചാബിനും ഹര്ഭജന് മുംബൈ ഇന്ത്യന്‍സിനും വേണ്ടിയാണ് കളിച്ചിരുന്നത്. ഒരിക്കല്‍ ക്രിക്കറ്റ് ലോകത്തെ വലിയ വിവാദങ്ങളിലൊന്നില്‍ ഉള്‍പ്പെട്ടിരുന്ന ഇരുവരും പിന്നീട് സൗഹൃദത്തിലായെങ്കിലും മലയാളത്തിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'ഞാന്‍ ഇതുവരെ ഒരു അഭിമുഖത്തിലും ഭാജിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ആദ്യമായാണ്. കുറച്ചുനാള്‍ മുമ്പുവരെ തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം ആ സംഭവത്തെക്കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു. അതിലൂടെ 80 ലക്ഷം മുതല്‍ 1 കോടി രൂപ വരെ സമ്പാദിച്ചു. ശേഷം ആ പരസ്യം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പങ്കുവെക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.' ശ്രീശാന്ത് പറഞ്ഞു.
'ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'ഞാന്‍ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല.' ഒരാള്‍ നിങ്ങളോട് തെറ്റ് ചെയ്താല്‍ നിങ്ങള്‍ ക്ഷമിക്കണം, പക്ഷേ അത് മറക്കരുത്. മറന്നാല്‍ അവര്‍ അത് വീണ്ടും ആവര്‍ത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതില്‍ സംശയമില്ല.' ശ്രീശാന്ത് തുടര്‍ന്നു. ഹര്‍ഭജന്റെ പ്രവര്‍ത്തികളില്‍ നിരാശനായ ശ്രീശാന്ത്, താന്‍ 'സഹോദരന്' എന്ന് വിളിച്ചിരുന്ന വ്യക്തിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. 2008-ലെ ആ അടിക്ക് താന്‍ ക്ഷമ നല്‍കിയിട്ടുണ്ടെങ്കിലും, ഹര്‍ഭജന്റെ ഇപ്പോഴത്തെ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
'എനിക്ക് ആ വ്യക്തിയുമായി ഒരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തെ സഹോദരന് എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നോ രണ്ടോ മാസത്തിനിടെ അദ്ദേഹം ആ പരസ്യം ചെയ്തു, ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.' അഭിമുഖങ്ങളില്‍ ഹര്ഭജന് തന്റെ മകളെക്കുറിച്ച് സംസാരിക്കുന്നത് അഭിനയമാണെന്നും, അത്തരം നാടകങ്ങള്‍ സ്വീകരിക്കില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.



