
മഹീന്ദ്രയുടെ പുത്തന്‍ എസ്യുവി ഗരാജിലെത്തിച്ച് പ്രേക്ഷകരുടെ സ്വന്തം ഗായിക പൂപ്പി
'സരിഗമപ' എന്ന സീ കേരളത്തിലെ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയ ആയ ഗായികയാണ് പുണ്യ പ്രദീപ്. പൂപ്പിയെന്ന് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഗായിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ്. മഹീന്ദ്രയുടെ ഹിറ്റ് ഇലക്ട്രിക് എസ്യുവിയായ BE 6 ഇപ്പോള്‍ പുണ്യ തന്റെ ഗരാജിലേക്ക് എത്തിച്ചിരിയ്ക്കുകയാണ്. തന്റെ പങ്കാളിയായ ഭരത് സജികുമാറിനൊപ്പം എത്തിയാണ് പുതിയ അതിഥിയെ വീട്ടിലേക്ക് ഇരുവരും വരവേറ്റിരിക്കുന്നത്.
19.40 ലക്ഷം മുതല്‍ 27.40 ലക്ഷം വരെയാണ് മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്യുവിക്കായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതില്‍ ഏത് വേരിയന്റാണ് പുണ്യയും ഭരത്തും സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവിക്ക് സിംഗിള്‍ ചാര്‍ജില്‍ യഥാക്രമം 556 കിലോമീറ്റര്‍, 682 കിലോമീറ്റര്‍ എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. AC ചാര്‍ജര്‍ (11kW) ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളില്‍ BE 6 ഇവി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇനി DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ (140/175kW) വെറും 20 മിനിറ്റിനുള്ളില്‍ ഇത് 20 ശതമാനത്തില്‍ നിന്നം 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു.
ടോപ്പ് വേരിയന്റുകളില്‍ 12.3 ഇഞ്ച് വലിപ്പമുള്ള ഡ്യുവല്‍ ഫ്ലോട്ടിംഗ് സ്ക്രീനുകളും വാഹനത്തിലുണ്ട്. ഡോള്‍ബി അറ്റ്മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും യാത്രകള്‍ക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. മഹീന്ദ്ര BE 6 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വാഗ്ദാനം ചെയ്യുന്നത്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റര്‍നെറ്റും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയില്‍ ഒരുക്കിയിട്ടുണ്ട്.
ഹാന്‍ഡ്സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോണ്‍ അലക്സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നുണ്ട്. ADAS ലെവല്‍ 2+, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഒബ്സ്റ്റക്കിള്‍ ഡിറ്റക്ഷന്‍, 360-ഡിഗ്രി ക്യാമറ, ഏഴ് എയര്‍ബാഗുകള്‍, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. മഹീന്ദ്രയുടെ BE 6 ഇലക്ട്രിക് എസ്യുവിയുടെ ലോവര്‍ വേരിയന്റുകളില്‍ 228 bhp പവറില്‍ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ 282 bhp പവറില്‍ 380 Nm torque വരെ നല്കുന്ന കഴിവുള്ള മോട്ടോറുമാണ് വരുന്നത്.






