
ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി പ്രവാസി യുവാവിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്ത കേസിൽ ടോളിവുഡ് നടി വെങ്കട അശ്വിനി റെഡ്ഡിക്ക് എതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായ വൈ.വി. ധർമേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നടിയുടെ അമ്മയടക്കം മൂന്ന് കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്.
2018-ൽ ഹൈദരാബാദിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ലണ്ടനിൽ സോഫ്റ്റ്വെയർ പ്രഫഷണലായ പരാതിക്കാരൻ ഒരു സുഹൃത്ത് വഴി നടിയെ പരിചയപ്പെടുന്നത്. താൻ അമേരിക്കയിൽ ഉപരിപഠനം നടത്തുകയാണെന്നായിരുന്നു നടി യുവാവിനോട് പറഞ്ഞിരുന്നത്. ഈ സമയം പരാതിക്കാരന്റെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലായിരുന്നു. എന്നാൽ, അത് കുഴപ്പമില്ലെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞ് നടി വിശ്വസിപ്പിച്ചു.
പിന്നീട്, വിവാഹം ഉറപ്പിക്കുകയും അതിനു പിന്നാലെ വിവിധ കാരണങ്ങൾ പറഞ്ഞ് നടി പണം ആവശ്യപ്പെട്ടു തുടങ്ങുകയും ചെയ്തു. അമേരിക്കയിലെ വിസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ, വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ, സിനിമാ രംഗത്തേക്ക് പ്രവേശിക്കാൻ, ഫ്ലാറ്റ്, സ്വർണ്ണം, ആഡംബര കാർ എന്നിവ വാങ്ങാൻ തുടങ്ങി നടി മുന്നോട്ടുവച്ചത് നിരവധി ചെലവേറിയ ആവശ്യങ്ങളായിരുന്നു.
യുവാവ് തന്റെ സമ്പാദ്യത്തിൽ നിന്ന് ഏകദേശം 9.35 കോടി രൂപ നടിക്കും കുടുംബത്തിനുമായി വിവിധ ഘട്ടങ്ങളിലായി നൽകി. എന്നാൽ, വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം നടി ഒഴിഞ്ഞുമാറി. 2020 ജൂലൈയിൽ രണ്ട് കുടുംബങ്ങളും തമ്മിൽ കാണണമെന്ന് യുവാവ് നിർബന്ധിച്ചതോടെ നടി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
2023-ൽ നടി വീണ്ടും യുവാവിനെ ബന്ധപ്പെടുകയും താൻ വിഷാദത്തിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബന്ധം തുടരുകയും ചെയ്തു. എന്നാൽ 2025 ജൂലൈയിൽ വീണ്ടും വിവാഹത്തിൽ നിന്ന് പിന്മാറുകയും ഡിസംബർ മുതൽ യുവാവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു.
നടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും പണം തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയാണിതെന്നും ബോധ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.






