
മുംബൈ: അമേരിക്കയിൽ ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിലെ വെടിവെപ്പും ഇന്ത്യൻ സാഹചര്യവുമായി താരതമ്യം ചെയ്ത് മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ വിജയ് വഡേത്തിവാർ രംഗത്ത്. നേരത്തെ, മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദ വിരുദ്ധ തലവൻ ഹേമന്ത് കർകറയെ കൊലപ്പെടുത്തിയത് ആർഎസ്എസ്കാരനായ പൊലീസുകാരനാണെന്ന് വിവാദ പ്രസ്താവന നടത്തി വഡേത്തിവാർ വാർത്തകളിൽ നിറഞ്ഞിരുന്നു.
സ്വന്തം താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ ട്രംപ് അമേരിക്കയെ തന്നെ നശിപ്പിച്ചു. "അമേരിക്കയിലെ ജനങ്ങൾ ട്രംപിനോട് കടുത്ത ദേഷ്യത്തിലായിരുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ജനങ്ങൾ തെരുവിലിറങ്ങി അദ്ദേഹത്തെ എതിർത്തു. ഇത് സംഭവിക്കേണ്ടതായിരുന്നു," എന്ന് പറഞ്ഞ കോൺഗ്രസ് എംഎൽഎ, സംഭവത്തെ ഇന്ത്യൻ സാഹചര്യവുമായും ബന്ധിപ്പിച്ചു.
ഇന്ത്യയിലും സമാനമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇവിടെ പ്രതിഷേധങ്ങൾ ഇല്ലാത്തതുകൊണ്ട് എല്ലാം ശരിയാണെന്ന് ഇന്ത്യൻ സർക്കാർ കരുതുന്നു, എന്നാൽ ഇവിടുത്തെ ജനങ്ങളുടെ മാനസികാവസ്ഥയും അമേരിക്കയിലേതിന് സമാനമാണ് എന്നും വഡേത്തിവാർ പറയുന്നു.
എന്നാൽ, വഡേത്തിവാറിന്റെ വാക്കുകൾ ഞെട്ടിക്കുന്നതാണെന്ന് ബിജെപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോൺഗ്രസ് നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ ഭാഗമാണിത്. കോൺഗ്രസ് രാഷ്ട്രീയ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ആണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു.






