
ദക്ഷിണേന്ത്യൻ സിനിമകളിലെ ആരാധകരുടെ ഇഷ്ട അഭിനേത്രിയാണ് സായ് പല്ലവി. ധൂം ധാം എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നതെങ്കിലും സായ് പല്ലവി തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയാകുന്നത് ‘പ്രേമം’ സിനിമയിലെ മലർ മിസിലൂടെയാണ്. പിന്നീട് താരം മലയാളത്തിനേക്കാള്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. ഈ തലമുറയിലെ നടിമാരിൽ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടുന്ന ഏക തെന്നിന്ത്യൻ നടിയെന്ന റെക്കോർഡും അടുത്തിടെ സായ് പല്ലവി സ്വന്തമാക്കിയിരുന്നു.
തമിഴിലും തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരുള്ള സായ് പല്ലവി ആമിർ ഖാൻ നിർമിക്കുന്ന ‘ഏക് ദിൻ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. സായ് പല്ലവിയുടെ നായകനായി ഈ സിനിമയിലെത്തുന്നത് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനാണ്. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ആമിര്‍ ഖാനും പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ഷോയ്ക്ക് ശേഷം ബോളിവുഡിലെ ദ പെര്‍ഫക്ട് ഖാന് എന്നറിയപ്പെടുന്ന ആമിര്‍ ഖാന് സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. ‘‘വളരെ ഗംഭീരമായ അഭിനയമാണ് ചിത്രത്തില്‍ സായി പല്ലവി കാഴ്ചവച്ചിരിയ്ക്കുന്നത്, എനിക്ക് തോന്നുന്നു ഇന്ന് നമ്മുടെ രാജ്യത്തിലെ ഏറ്റവും മികച്ച നടിയാണ് സായി പല്ലവി...’’എന്നാണ് ആമിര്‍ ഖാന് പറഞ്ഞത്. ബോളിവുഡിന്റെ പെര്‍ഫക്ട് ഖാനില്‍ നിന്നുള്ള വാക്കുകള്‍ കേട്ട് നിറപുഞ്ചിരിയോടെയും നില്ക്കുന്ന സായ് പല്ലവിയെ വീഡിയോയില്‍ കാണാം. ആ സായി പല്ലവിയ്ക്കും വിലമതിക്കാന്‍ കഴിയാത്ത അംഗീകാരമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അടുത്തിടെ മുംബൈയിൽ ‘ഏക് ദിൻ കി മെഹ്ഫിൽ’ എന്ന പേരിൽ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വികാരാധീനനായി നിറ കണ്ണുകളോടെ ഇരിക്കുന്ന ആമിർ ഖാന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ആദ്യ ഹിന്ദി സിനിമയുടെ പ്രമോഷന് ഹിന്ദിയില്‍ സംസാരിച്ച സായി പല്ലവിയുടെ വീഡിയോയും വൈറലാവുന്നുണ്ട്. ‘ഏക് ദിന് എന്ന ചിത്രത്തിന്റെ യാത്ര വളരെ മനോഹരമായിരുന്നു...’ എന്നാണ് സായി പല്ലവി പറഞ്ഞത്. ഷോയില്‍ വിത്ത് ഔട്ട് മേക്കപ്പോടെ എത്തിയ നടിയുടെ സൗന്ദര്യത്തെ കുറിച്ചും, ക്യൂട് ലുക്കിനെ കുറിച്ചും, നിഷ്കളങ്കമായ ചിരിയെ കുറിച്ചും വാ തോരാതെ ആരാധകര്‍ സംസാരിക്കുന്നുണ്ട്.






