
ബിഗ് സ്ക്രീനിനോട് ഗുഡ്ബൈ പറഞ്ഞിട്ട് കാലമിത്ര കഴിഞ്ഞിട്ടും മലയാളികള്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്ന അഭിനേത്രിയാണ് കാര്‍ത്തിക. നിഷ്കളങ്കമായ മുഖവും ആരെയും ആകര്‍ഷിക്കുന്ന ചിരിയും വലിയ വട്ടപ്പൊട്ടുകളുമൊക്കെയായി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ കാര്‍ത്തിക മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്. ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരം കരിയറിന്റെ പീക്ക് ടൈമിലാണ് വിവാഹം ചെയ്തത്. അതോടെ താരം പൂര്‍ണ്ണമായും സിനിമ ഉപേക്ഷിച്ചു കുടുംബിനിയായി.
കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സിനിമയില്‍ നിന്നു മാത്രമല്ല പൊതുവേദികളില്‍ നിന്നും ലൈംലൈറ്റില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നുമൊക്കെ താരം വിട്ടു നില്‍ക്കുകയാണ്. ഇന്നും നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനില്‍ പങ്കെടുക്കാന്‍ താരമെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ തന്റെ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ കേരള സ്റ്റൈലില്‍ തന്റെ സിഗ്നേച്ചര്‍ ലുക്കിലുള്ള ചിത്രം പങ്കിടുകയാണ് താരം. കസവു സാരിയുടുത്ത് നില്ക്കുന്ന താരത്തിന്റെ മുഖത്തെ ചിരിയും കറുത്ത വലിയ വട്ടപ്പൊട്ടുമാണ് കാഴ്ച്ചക്കാരുടെ ഇഷ്ടം കൂട്ടുന്നത്. വലിയ ഒരുക്കങ്ങളോ ആഭരണങ്ങളോ അണിയാതെ സിമ്പിള്‍ ലുക്കില്‍ കേരളത്തിന്റെ തനതായ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തിനു താഴെ നിരവധി കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. ‘ആദ്യകാലത്തെ വലിയ വട്ടപ്പൊട്ടിന്റെ താരം ഇഷ്ടം അന്നും ഇന്നും, ഒരുപാട് സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ, പ്രതീക്ഷിക്കാമോ?’എന്നതടക്കമാണ് കമന്റുകള്‍.






