
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കീഴ്വഴക്കങ്ങൾ ലംഘിച്ചും വാർത്തകളിൽ ഇടം നേടുന്നു. അദ്ദേഹത്തിന്റെ ചിത്രം ഉടൻ തന്നെ യുഎസ് പാസ്പോർട്ടിൽ ഇടം പിടിക്കുമെന്ന് റിപ്പോർട്ടുകൾ. യുഎസ് ട്രഷറി വകുപ്പ് പുറത്തുവിടുന്ന വിവരം അനുസരിച്ച് യുഎസ് ഡോളറിലും ട്രംപിന്റെ ഒപ്പ് ഉടൻ പ്രത്യക്ഷപ്പെടും.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-മത് വാർഷികം പ്രമാണിച്ച് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ പാസ്പോർട്ടുകളിലാവും ട്രംപിന്റെ ചിത്രം സ്ഥാനംപിടിക്കുന്നത്. സ്വാതന്ത്ര്യ പ്രഖ്യാപന രേഖയ്ക്ക് മുകളിലായിട്ടായിരിക്കും ചിത്രം ചേർക്കുന്നത്. ചിത്രത്തിനു താഴെ സ്വർണ്ണ നിറത്തിൽ ട്രംപിന്റെ ഒപ്പും രേഖപ്പെടുത്തും.
സർക്കാർ സ്ഥാപനങ്ങളിൽ ട്രംപിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പല കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ നടപടി. ഒരു ജനാധിപത്യ രാജ്യത്ത് അധികാരത്തിലിരിക്കുന്ന നേതാവിന്റെ ചിത്രം പാസ്പോർട്ടിൽ ഉൾപ്പെടുത്തുന്നത് ആധുനിക കാലത്ത് അത്യപൂർവമായ കാര്യമാണ്.
അടുത്തിടെ വാഷിംഗ്ടണിലെ നിരവധി സർക്കാർ കെട്ടിടങ്ങളിൽ ട്രംപിന്റെ ബാനറുകൾ ഉയർത്തുകയും, പ്രശസ്തമായ 'കെന്നഡി സെന്റർ' ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.






