
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രണ്ടാംഘട്ട തെരഞ്ഞെുടപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേര്‍ക്കുനേര്‍ പോരാടുന്ന ഭവാനിപൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഏഴുജില്ലകളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 1,448 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രണ്ടാം ഘട്ടത്തിലും ആദ്യഘട്ടത്തിന് സമാനമായി റെക്കോഡ് പോളിംഗ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 152 മണ്ഡലങ്ങളിലേക്ക്് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 93.19 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
എസ്.ഐ.ആര് അടക്കമുള്ള വികസന-രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള മേഖലകള്‍ പരമ്പരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ കേന്ദ്രങ്ങളാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ 142 സീറ്റുകളില്‍ 123 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇത് നിലനിര്‍ത്തുക എന്നത് ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
വമ്പന്‍ പോരാട്ടങ്ങള്‍ക്കും വാശിയേറിയ പ്രചാരണങ്ങള്‍ക്കും ശേഷം ബംഗാള്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പിലൂടെ തങ്ങളുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്നു. മമതയും സുവേന്ദുവും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ സവിശേഷത.






