
കൊൽക്കൊത്ത: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവേ വ്യാപക അക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ചപ്ര, ശാന്തിപൂർ, ഭംഗർ എന്നിവിടങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ഹൗറയിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.
അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സേനയ്ക്കെതിരെ രംഗത്തെത്തി. കേന്ദ്ര സേന ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അവർ ആരോപിച്ചു. കേന്ദ്ര സേന തൃണമൂലിന്റെ ആളുകളെ ലക്ഷ്യം വെക്കുകയാണ്. ഇത്തരത്തിൽ വോട്ടെടുപ്പ് നടത്താൻ കഴിയില്ല എന്നും മമത പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ മാറ്റിയതടക്കമുള്ള നടപടികളിലൂടെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്നും പുറത്തുനിന്നുള്ള 'നിരീക്ഷകരെ' ബിജെപി എത്തിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എന്റാലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാൾ പോളിംഗ് ഓഫീസർമാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും തർക്കത്തിലേർപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബൂത്തിനകത്ത് സ്ഥലപരിമിതിയുള്ളതിനാൽ പ്രിയങ്കയുടെ ഏജന്റിനെ പുറത്താക്കിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് തൃണമൂൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിയും തർക്കത്തിൽ ഇടപെട്ടതോടെ രണ്ടുപേരോടും പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.






