
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗോവിന്ദ് പത്മസൂര്യയും (ജിപി) ഗോപിക അനിലും. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്കരുമായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ ജിപി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
‘ഗോപൂസെ’ എന്ന ഓമനപ്പേര് വിളിച്ചാണ് ജിപി ഗോപികയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഗോപിക വരുത്തിയ മനോഹരമായ മാറ്റങ്ങളെക്കുറിച്ചും, അവളോടൊപ്പമുള്ള നിമിഷങ്ങള്‍ എത്രത്തോളം അര്‍ത്ഥവത്താണെന്നും ജിപി കുറിപ്പില്‍ വ്യക്തമാക്കുന്നു.
നീ എൻ്റെ ജീവിതത്തിലേക്ക് വന്ന്, ഞാൻ കാണുന്ന രീതിയെ നിശബ്ദമായി മാറ്റിമറിച്ചു. ജീവിതത്തെക്കുറിച്ച് എനിക്ക് പൂർണ്ണമായും പുതിയതും മനോഹരവുമായ ഒരു കാഴ്ചപ്പാട് നീ നൽകി. നിന്നോടൊപ്പമുള്ള യാത്രകൾക്ക് വേറൊരു ഭംഗിയാണ്. നിന്നോടൊപ്പമുള്ള ഒത്തുചേരലുകൾക്ക് ഒരു പ്രത്യേക അനുഭവമാണ്. ആഘോഷങ്ങൾ എനിക്ക് വേറിട്ടതാണ്. ആകെ എന്താണെന്നാൽ, മൗനം പോലും നിന്നോടൊപ്പമുള്ളപ്പോൾ വ്യത്യസ്തമാണ്.
നിന്നോടൊപ്പമുള്ള ഓരോ നിമിഷത്തിനും കൂടുതൽ ഊഷ്മളതയും, അർത്ഥവും, ജീവനുമുണ്ട്. എൻ്റെ മനോഹരമായ നിമിഷങ്ങൾക്ക് നീ കൂടുതൽ ആഴം നൽകുന്നു, സാധാരണ ദിവസങ്ങൾ പോലും അർത്ഥവത്തായ അനുഭവങ്ങളാക്കി മാറ്റുന്നു.നിന്നെ കണ്ടെത്തുന്നതിന് മുൻപേ തന്നെ ഞാൻ സന്തോഷവാനായിരുന്നു. പക്ഷെ, എനിക്കറിയാത്ത സന്തോഷത്തിൻ്റെ പല തലങ്ങൾ ഉണ്ടെന്ന് നീ കാണിച്ചുതന്നു! നീ എൻ്റെ ജീവിതം കൂടുതൽ മൃദുവാക്കി... പൂർണ്ണമാക്കി... സമ്പന്നമാക്കി.
എന്നെ കൂടുതൽ നല്ലൊരാളാക്കിയതിന് നന്ദി. കൂടുതൽ നന്മയുള്ളവനാകാൻ എന്നെ പ്രേരിപ്പിച്ചതിന് നന്ദി. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വിധം എന്നെ പ്രണയിക്കാൻ പഠിപ്പിച്ചതിന് നന്ദി. നിന്നോടൊപ്പമുള്ള ഓരോ ദിവസവും ഒരു ആഘോഷമാണ്. അതുകൊണ്ട് ഇന്നും അങ്ങനെയൊരു മനോഹരമായ ദിവസമാണ്... നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറം, അത്രമേൽ സത്യസന്ധമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഓർമ്മിപ്പിക്കാനുള്ള മറ്റൊരു അവസരം. എന്നാണ് ഗോപികയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ജിപി കുറിച്ചത്.
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു പ്രഖ്യാപനവും ജിപി കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ഗോപികയുടെ പിറന്നാള്‍ ദിനത്തിലെ പ്രത്യേക റീലും വ്ളോഗും ഉടനെ പുറത്തിറങ്ങുമെന്നും അത് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുളള സര്‍പ്രൈസ് ആയിരിക്കുമെന്നും താരം ഉറപ്പ നല്കുന്നു. നിരവധിപ്പേരാണ് ഗോപികയ്ക്ക് പിറന്നാള്‍ ആശംസകള്‍ പോസ്റ്റിനു താഴെ കമന്റായി കുറിക്കുന്നത്.
2024 ജനുവരി 28 ന് തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചാണ് ഗോപികയും ജിപിയും വിവാഹിതരായത്. ഡി 4 ഡാൻസ്' പോലുള്ള ജനപ്രിയ ഷോകളിലൂടെ അവതാരകനായും, മികച്ച അഭിനേതാവായും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച വ്യക്തിത്വമാണ് ഗോവിന്ദ് പത്മസൂര്യ. തെലുങ്ക് ഉൾപ്പെടെയുള്ള മറ്റ് തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അദ്ദേഹം തൻ്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
'സാന്ത്വനം' എന്ന ജനപ്രിയ പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വന്തം 'അഞ്ചു'വായി മാറിയ നടിയാണ് ഗോപിക അനിൽ. അഭിനയത്തിന് പുറമേ ഒരു ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക.






