
പാരീസ്: യുവേഫാ ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെതിരേ 5-4 ന് ജയം നേടി പിഎസ്ജി എഴുതിയത് ചരിത്രവിജയം. പാരിസിലെ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന ഈ ആവേശപ്പോരാട്ടം ഒട്ടനവധി റെക്കോര്‍ഡുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇരുടീമുകളും കൂടി ആകെ ഒന്‍പത് ഗോളുകള്‍ നേടിയ ഈ മത്സരം ഫുട്ബോള്‍ ലോകം ദീര്‍ഘകാലം ഓര്മ്മിക്കുമെന്നുറപ്പാണ്. മെയ് 6-ന് അലയന്‍സ് അരീനയില്‍ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ പെനാല്‍റ്റിയിലൂടെ ബയേണ്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 24, 33 മിനിറ്റുകളില്‍ യഥാക്രമം ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയയും ജോവോ നെവസും ഗോള്‍ നേടിയതോടെ ആതിഥേയരായ പി.എസ്.ജി ലീഡ് ഉയര്‍ത്തി. 41-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസ് ബയേണിനായി സമനില പിടിച്ചു. എങ്കിലും, ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഉസ്മാന് ഡെംബെലെ ആദ്യ പകുതിയില്‍ പി.എസ്.ജിക്ക് വീണ്ടും ലീഡ് നല്കി. രണ്ടാം പകുതിയില്‍ ക്വാരാറ്റ്സ്ഖേലിയയും (56') ഡെംബെലെയും (58') വീണ്ടും സ്കോര്‍ ചെയ്തതോടെ പി.എസ്.ജി 5-2 ന് മുന്നിലെത്തി. പിന്നീട് ബയേണ്‍ രണ്ട് ഗോളുകള്‍ കൂടി തിരിച്ചടിച്ചെങ്കിലും മത്സരം 5-4 ന് അവസാനിച്ചു.
യൂറോപ്പിലെ പ്രീമിയര്‍ ക്ലബ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഒരു പാദത്തില്‍ ഒന്‍പത് ഗോളുകള്‍ പിറക്കുന്നത് 66 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്. ഇതിനുമുമ്പ് 1959-60 യൂറോപ്യന്‍ കപ്പില്‍ ഫ്രാങ്ക്ഫര്‍ട്ട് - റേഞ്ചേഴ്സ് (63) മത്സരത്തിലാണ് ഇത്രയധികം ഗോളുകള്‍ കണ്ടത്. 1992-ല്‍ ടൂര്‍ണമെന്റ് 'യുവേഫ ചാമ്പ്യന്‍സ് ലീഗ്' എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം ഒരു സെമിഫൈനലില്‍ ഇത്രയും ഗോളുകള്‍ ആദ്യമാണ്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ചരിത്രത്തില്‍ ഫുള്‍ ടൈമില്‍ 5-4 എന്ന സ്കോറോടെ അവസാനിക്കുന്ന ആദ്യ മത്സരവും ഇതുതന്നെയായിരുന്നു. 1992 ന് ശേഷം ഏറ്റവും ഉയര്‍ന്ന സ്കോറുകള്‍ കണ്ട യുവേഫ സെമിഫൈനനും ഇതാണ്. റിയല്‍ മാഡ്രിഡിന് ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമാകാനാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച അവരുടെ കരുത്തുറ്റ മുന്നേറ്റനിര കിരീട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും ബയേണിനെതിരായ രണ്ടാം പാദ മത്സരം അവര്‍ക്ക് നിര്‍ണ്ണായകമാണ്.
രണ്ടാം പാദ മത്സരത്തില്‍ അഞ്ച് ഗോളുകള്‍ കൂടി പിറക്കുകയാണെങ്കില്‍, ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന 'ടു-ലെഗ്ഡ്' നോക്കൗട്ട് മത്സരമായി ഇത് മാറും. നിലവില്‍ ലിവര്‍പൂള്‍-റോമ (2017-18), ബയേണ്‍-സ്പോര്‍ട്ടിംഗ് (2008-09), ഇന്റര്‍ മിലാന്-ബാഴ്സലോണ (2024-25) മത്സരങ്ങളാണ് ഈ റെക്കോര്‍ഡ് പങ്കിടുന്നത്.





