
തൊടുപുഴ: യുഡിഎഫ് അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന വിഭാഗീയത തെരുവുകളിലേക്ക് പടരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് ഇടുക്കി തൊടുപുഴയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവവികാസം. മുതിര്‍ന്ന നേതാക്കളെ അപമാനിച്ച് മുഖ്യമന്ത്രിയാകാന്‍ സതീശന് ശ്രമിക്കേണ്ടെന്നാണ് പോസ്റ്റര്‍.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോരുകളും പരസ്യപ്രകടനങ്ങളും പാടില്ലെന്ന് ഹൈക്കമാന്‍ഡും കെ.പി.സി.സി നേതൃത്വവും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന് എന്നിവരുടെ അനുയായികള്‍ ഈ വിലക്ക് വകവെക്കാതെ സാമൂഹിക മാധ്യമങ്ങളിലും പൊതുവിടങ്ങളിലും പോര് തുടരുകയാണ്.
തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി' എന്ന പേരിലാണ് പോസ്റ്ററുകള്‍. രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയും ഈ പോസ്റ്ററുകളിലുണ്ട്. 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് എറണാകുളം മൂവാറ്റുപുഴയില്‍ അനുകൂലികള്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ചുള്ള പോസ്റ്ററുകളും വന്നത്. സതീശന് വേണ്ടിയുള്ള പോസ്റ്ററുകള്‍ വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കെ.സി. വേണുഗോപാലിന്റെ പേരും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് തൃശൂരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നീക്കം. പാലക്കാട് ഹേമാംബിക ക്ഷേത്രത്തില്‍ വേണുഗോപാലിനായി സി.എം. അനില്‍കുമാര്‍ 'കളഭം' കൊണ്ട് തുലാഭാരം നടത്തി.
തര്‍ക്കങ്ങളും ഫ്ളക്സ് യുദ്ധങ്ങളും മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കള്‍.






