
ദളപതി വിജയിയെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് നടി കനിഹ. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് വിജയ് യും കനിഹയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കനിഹ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ഒപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിട്ടുണ്ട്.
വിജയിയോടൊപ്പം ഇതുവരെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടം പങ്കുവെച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘ഒടുവില്‍ ഇത് സംഭവിച്ചു. അദ്ദേഹത്തോടൊപ്പം ഒരു സ്ക്രീന്‍ പങ്കിടാന്‍ എനിക്കിതുവരെ സാധിച്ചില്ല ( ഒരു നെടുവീര്‍പ്പോടെ ) . പക്ഷേ ഇന്ന് അദ്ദേഹത്തെ നേടിട്ട് കാണാന്‍ കഴിഞ്ഞത് സത്യത്തില്‍ അതിശയിപ്പിക്കുന്ന ഒരു നിമിഷമായിരുന്നു’. കനിഹ കുറിച്ചു.
‘സെക്യൂരിറ്റി അദ്ദേഹത്തെ വേഗത്തില്‍ കൊണ്ടുപോവുകയായിരുന്നുവെങ്കിലും അദ്ദേഹം ഒന്ന് നിന്നു, എന്നെ തിരിച്ചറിയുകയും വിനീതമായ കുറച്ച് നല്ല വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. വിജയവിജയങ്ങള് എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കായി ഇവിടെയുണ്ട്’. നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (TVK) വേണ്ടി കഠിനമായ പ്രചാരണത്തിലായിരുന്നു വിജയ്. ഏപ്രില്‍ 23-ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വോട്ടെണ്ണല്‍ ദിനത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം ദര്‍ശനം നടത്തിവരികയാണ്.
ഓട്ടോഗ്രാഫ്', 'വരലാറ്' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ്കനിഹ. അടുത്തിടെ പുറത്തിറങ്ങിയ 'നിറം മാറും ഉലകില്' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി നടി അഭിനയിച്ചത്. വിജയിയുടെ രാഷ്ട്രീയ വിജയത്തിനായി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കനിഹയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.






