
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വൈദ്യുത വാഹന നിരയില്‍ വിപ്ലവം സൃഷ്ടിക്കുവാനായി കൊണ്ടു വന്ന വാഹനമാണ് അയോണിക് 5 എന്ന ഭീമന്. മോഡല്‍ ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ വിപണിയിലെത്തിയിരിക്കുകയാണ്. പരിഷ്ക്കാരങ്ങളുമായി എത്തുന്ന അയോണിക് 5 എസ്യുവിക്ക് 55.70 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. പുതുക്കിയ മോഡല്‍ വലിയ ബാറ്ററി പായ്ക്ക്, പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്റ്റൈലിംഗ്, പുതിയ കണക്റ്റഡ് സാങ്കേതികവിദ്യ, അധിക സുരക്ഷാ സവിശേഷതകള്‍ എന്നിവയെല്ലാമാണ് അവതരിപ്പിക്കുന്നത്.
ഗ്രാവിറ്റി ഗോള്‍ഡ് മാറ്റ്, മിഡ്നൈറ്റ് ബ്ലാക്ക് പേള്‍, ടൈറ്റന് ഗ്രേ, ഒപ്റ്റിക് വൈറ്റ് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുത്തന്‍ ഹ്യുണ്ടായി അയോണിക് 5 വാഗ്ദാനം ചെയ്യുന്നത്. ഒബ്സിഡിയന്‍ ബ്ലാക്ക് തീമിനൊപ്പമാണ് ഇന്റീരിയര്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനിനുമുള്ള ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്പ്ലേകള്‍ മുന്‍ മോഡലില്‍ നിന്ന് അതേപടി മുമ്പോട്ട് കൊണ്ടുപോയിട്ടുണ്ട്.
കണക്റ്റഡ് കാര്‍ നാവിഗേഷന്‍ കോക്ക്പിറ്റ് സിസ്റ്റവും കണ്ട്രോളര് ഓവര്‍-ദി-എയര്‍ അപ്ഡേറ്റ് ശേഷിയുമാണ് ഇലക്ട്രിക് എസ്യുവിയുടെ അകത്തളത്തില്‍ സംഭവിച്ചിരിക്കുന്ന മറ്റൊരു മാറ്റം. ഇത് കാറിന്റെ സോഫ്റ്റ്വെയര് റിമോട്ട് അപ്ഡേഷന് നേടാന്‍ അനുവദിക്കുന്ന കാര്യമാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ആക്റ്റീവ് സൗണ്ട് ഡിസൈനും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രത്യേക ആപ്പോ കാര്‍ഡോ ആവശ്യമില്ലാതെ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനിലൂടെ നേരിട്ട് ഇവി ചാര്‍ജിംഗിന് പണം നല്കാന് ഡ്രൈവര്‍മാരെ അനുവദിക്കുന്ന പുതിയ ഇന്‍-കാര്‍ പേയ്മെന്റ് സവിശേഷതയും ഇവിയിലുണ്ട്. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സ്യൂട്ടില്‍ ഇപ്പോള്‍ മോഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി റിമോട്ട് ഇമ്മൊബിലൈസേഷന്‍ ഫംഗ്ഷന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മോഡലിലെ സുരക്ഷാ മെച്ചപ്പെടുത്തലുകളില്‍ റിയര്‍ പാര്‍ക്കിംഗ് കൊളിഷന്‍-അവോയിഡന്‍സ് അസിസ്റ്റും സൈഡ് പാര്‍ക്കിംഗ് ഡിസ്റ്റന്‍സ് വാര്‍ണിംഗും ഉള്‍പ്പെടുത്തി. ഇവ രണ്ടും നിലവിലുള്ള ഡ്രൈവര്‍ അസിസ്റ്റീവ് ഫീച്ചറുകളിലേക്ക് ചേര്‍ക്കുന്നു. പുതിയ അയോണിക് 5 ഇവിയിലെ ഏറ്റവും വലിയ അപ്ഡേഷന് 84.0 kWh ബാറ്ററി പായ്ക്കിലേക്കുള്ള മാറ്റമാണ്. സിംഗിള്‍ ചാര്‍ജില്‍ വാഹനത്തിന് 690 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും.






