
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വേണ്ടി മധ്യസ്ഥവേഷമണിഞ്ഞ പാകിസ്ഥാൻ വഞ്ചനയുടെ വഴികൾ തുറക്കുന്നോ? ഇറാന്റെ വ്യാപാരം സുഗമമാക്കുന്നതിനായി റഷ്യയിലേക്കും ചൈനയിലേക്കും നീളുന്ന ആറ് പുതിയ കരമാർഗ്ഗങ്ങൾ പാകിസ്ഥാൻ അനുവദിച്ചത് അമേരിക്കൻ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാകും.
പാകിസ്ഥാന്റെ ഈ നടപടിയിലൂടെ അറബിക്കടലിലെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ ദേശീയ സുരക്ഷാ വിദഗ്ധനായ ഡെറക് ജെ ഗ്രോസ്മാൻ ആണ് പാകിസ്ഥാൻ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇറാന് മേൽ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന 'പരമാവധി സാമ്പത്തിക സമ്മർദ്ദം' എന്ന തന്ത്രത്തെ പാകിസ്ഥാൻ ഇത്തരത്തിൽ തകർക്കുമെന്ന് ഗ്രോസ്മാൻ പറഞ്ഞു. പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ഉറ്റ സുഹൃത്തായ പാകിസ്ഥാൻ ഇറാനിലേക്ക് ആറ് കരമാർഗ്ഗങ്ങൾ തുറന്നു നൽകിയിരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം മറികടക്കാൻ ഇത് ഇറാനെ സഹായിക്കും. പാകിസ്ഥാൻ വീണ്ടും അമേരിക്കയെ വഞ്ചിക്കുകയാണ്! എക്സിലെ പോസ്റ്റിൽ പറയുന്നു.
നിലവിൽ പാകിസ്ഥാൻ തുറമുഖങ്ങളിൽ ഇറാനിലേക്കുള്ള മൂവായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടക്കുന്നുണ്ട്. പുതിയ കരമാർഗ്ഗങ്ങൾ നിലവിൽ വരുന്നതോടെ ഇവ എളുപ്പത്തിൽ ഇറാനിലേക്ക് എത്തിക്കാനാകും. അതേസമയം, പാകിസ്ഥാനെ ഇസ്രയേലും വിശ്വാസത്തിലെടുത്തിട്ടില്ല. പാകിസ്ഥാൻ ഒട്ടും വിശ്വാസയോഗ്യമല്ലാത്ത രാജ്യമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞത്. പാകിസ്ഥാൻ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പക്ഷപാതിയാണെന്നാണ് ഇറാന്റെ ആരോപണം.
കടൽ മാർഗ്ഗമുള്ള ഉപരോധത്തിലൂടെ ഇറാന്റെ സമ്പദ്വ്യവസ്ഥ തകർത്ത് അവരെ ചർച്ചയ്ക്ക് നിർബന്ധിതരാക്കുക എന്നതായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം. എന്നാൽ, പാകിസ്ഥാൻ നടപടി അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.






