
യുഡിഎഫിന് കേരളത്തിൽ 75ലധികം സീറ്റുകൾ കിട്ടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ എക്സിറ്റ് പോളുകളുടെ ആരാധകനല്ല സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ വ്യക്തമാക്കി. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു.
അതേസമയം എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് . കോൺഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.






