
വാഷിംഗ്ടൻ: വർഷങ്ങളായി ആഗ്രഹിക്കുന്ന നോബൽ പുരസ്കാരം എന്ന ലക്ഷ്യത്തിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ അടുക്കുന്നതായി റിപ്പോർട്ടുകൾ. 2026-ലെ സമാധാന നോബൽ പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങളിൽ ട്രംപും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ.
നയതന്ത്ര മേഖലയിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി വിവിധ ലോകനേതാക്കളാണ് ട്രംപിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഇസ്രയേൽ, കംബോഡിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ തങ്ങൾ ട്രംപിന്റെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചതായി റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
നോബൽ സമാധാന പുരസ്കാരത്തിനുള്ള പട്ടിക ഔദ്യോഗികമായി രഹസ്യമായി സൂക്ഷിക്കാറാണ് പതിവെങ്കിലും, നാമനിർദ്ദേശം ചെയ്തവർക്ക് അത് വെളിപ്പെടുത്താൻ അനുവാദമുണ്ട്. ഈ വർഷം ആകെ 287 നാമനിർദ്ദേശങ്ങളാണ് നോർവീജിയൻ നോബൽ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നു.
അതേസമയം, നാമനിർദ്ദേശം ചെയ്യപ്പെടുക എന്നത് നോബൽ കമ്മിറ്റിയുടെ അംഗീകാരമായി കാണാനാവില്ലെന്ന് കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വിക്കൻ വ്യക്തമാക്കി. ട്രംപിന്റെ പേര് പട്ടികയിലുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ അദ്ദേഹം തയ്യാറായില്ല.






