
ഭോപ്പാൽ: മധ്യപ്രദേശിൽ നർമ്മദ നദിയിലെ ബോട്ടപകടത്തിൽ പെട്ട് ജീവൻ നഷ്ടമായ ഒരു അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തപ്പോൾ കണ്ടുനിന്നവർ വിതുമ്പിപ്പോയി. മൂന്ന് വയസ്സുള്ള കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും മരണം അവരെ കവർന്നെടുത്തു. മരണം വരിക്കുമ്പോഴും ആ അമ്മ തന്റെ കുഞ്ഞിനെ കൈവിട്ടിരുന്നില്ല. കണ്ടുനിന്നവരുടെ കരളലിയിക്കുന്ന രംഗമായിരുന്നു അത്.
വ്യാഴാഴ്ച വൈകുന്നേരമാണ് മധ്യപ്രദേശ് ടൂറിസത്തിന്റെ ക്രൂയിസ് ബോട്ട് നർമ്മദ നദിയിലെ ബർഗി ഡാമിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 40 മുതൽ 45 വരെ യാത്രക്കാരുമായി പോയ ബോട്ട്, തീരത്തുനിന്ന് 300 മീറ്റർ അകലെ വെച്ച് പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിലും മഴയിലും പെടുകയായിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് നിമിഷങ്ങൾക്കുള്ളിൽ മുങ്ങി.
ഖമരിയിലെ ഓർഡിനൻസ് ഫാക്ടറിയിൽ നിന്നുള്ള ഒരു കുടുംബത്തിലെ 15 പേരും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇതിൽ ഒരു ആൺകുട്ടി മാത്രമാണ് രക്ഷപെട്ടതായി വിവരമുള്ളത്.
കരസേനയുടെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിൽ രാത്രിയും പകലുമായി തിരച്ചിൽ തുടരുകയാണ്. ജലസംഭരണിയിൽ 20 അടി താഴ്ചയിലാണ് ബോട്ട് ഇപ്പോൾ കിടക്കുന്നത്. ഹെലികോപ്റ്ററുകളും ഹൈഡ്രോളിക് മെഷിനറികളും ഉപയോഗിച്ച് ബോട്ട് തീരത്തേക്ക് എത്തിക്കാനും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നു.
ബോട്ട് മുങ്ങിത്തുടങ്ങിയപ്പോഴാണ് ലൈഫ് ജാക്കറ്റുകൾ നൽകിത്തുടങ്ങിയത് എന്ന് ആരോപണമുണ്ട്. പ്രദേശവാസികൾ കയറും മറ്റും എറിഞ്ഞ് നൽകിയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.
ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും 16 പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കൃത്യമായ കണക്കുകൾ ലഭ്യമല്ല.






