
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് വീണ്ടും. ക്രമക്കേട് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) ഈ തീരുമാനം എടുത്തത്. ഏപ്രില്‍ 29-ന് നടന്ന രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ഈ ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നിരുന്നത്.
മഗര്ഹട്ട് പശ്ചിം നിയമസഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്നും നിരീക്ഷകരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് 29 പരാതികളും മഗ്രഹട്ടില്‍ നിന്ന് 13 പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ചില പോളിംഗ് സ്റ്റേഷനുകളില്‍ വ്യാപകമായ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതായി ബിജെപി ആരോപിച്ചിരുന്നു. പരാതികള്‍ പരിശോധിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് സ്പെഷ്യല്‍ ഒബ്സര്‍വര്‍ സുബ്രത ഗുപ്തയെ നിയോഗിച്ചിരുന്നു.
വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. താമസിയാതെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണ് ബിജെപി പുനര്‍വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുനാല്‍ ഘോഷ് പറഞ്ഞു. 'ജനവിധി ബിജെപിക്ക് എതിരാണ്, അത് അങ്ങനെ തന്നെ തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ടിഎംസിയെ സഹായിക്കാന്‍ പല ബൂത്തുകളിലും ക്രമക്കേടുകള്‍ നടന്നുവെന്നും പുനര്‍വോട്ടെടുപ്പ് തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബുധനാഴ്ച അവസാനിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായ 92 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏപ്രില്‍ 23 ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 93 ശതമാനമായിരുന്നു പോളിംഗ്. എക്സിറ്റ്പോളുകള് അനുസരിച്ച് ബംഗാളില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ വരുമെന്നാണ് സൂചനകള്‍. അതേസമയം ജന്മത് പോള്‍സ് തൃണമൂല്‍ കോണ്‍ഗ്രസിന് 195-205 സീറ്റുകള്‍ പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സും തൃണമൂല്‍ വിജയിക്കുമെന്ന് കരുതുന്നു.






