
ബെംഗളൂരു ബി.ടി.എല്‍. നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി ആദിത്യന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികള്‍. കോളേജ് അദ്ധ്യാപകന്റെ മാനസീക പീഡനത്തെക്കുറിച്ച് ആദിത്യന്റെ ബന്ധുക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ശബ്ദ സന്ദേശം അയച്ചു. സംഭവം നഴ്സിങ് കോളേജിലെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആദിത്യന്റെ ബാച്ചില്‍ പ്രവേശനം നേടിയ 18 വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ വര്‍ഷം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തുന്നു. പരാതികള്‍ നല്‍കിയിട്ടും മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാഭ്യാസത്തെ വെറുമൊരു ബിസിനസ് ആയി മാത്രമാണ് അവര്‍ കാണുന്നതെന്നും പറയുന്നു.
ഹോസ്റ്റല്‍ വാര്ഡന് കൂടിയായ അധ്യാപകന് സന്ദീപ്പാണ്ഡെ ആദിത്യനെ നിരന്തരം വേട്ടയാടിയിരുന്നതായി കുടുംബം പരാതിപ്പെടുന്നു. ആദിത്യന് മയക്കുമരുന്ന് ഉപയോഗിക്കുന്നവനാണെന്ന് അധ്യാപകന് കോളേജില്‍ പ്രചരിപ്പിച്ചു. ചില കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആദിത്യനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനായി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
മാനേജ്മെന്റിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ ജീവിതത്തേക്കാള്‍ വലുത് പണമാണ്. ആദിത്യന്റെ മരണം ഒരു ആത്മഹത്യയല്ല, മറിച്ച് കൊലപാതകത്തിന് തുല്യമായ പീഡനത്തിന്റെ ഫലമാണെന്നാണ് സന്ദേശങ്ങളില്‍ സഹപാഠികള്‍ കുറിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ആദിത്യനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.






