മലയാളിയുടെ പൗരബോധത്തെ ഉയര്‍ത്തിക്കാട്ടിയ തെരഞ്ഞെടുപ്പു മാമാങ്കം കൊടിയിറങ്ങി. നൂറ്റിരണ്ടുവെട്ടു വെട്ടിയ ആ പൗരബോധത്തെ ആരും നമിക്കും. വലിയ ഭൂരിപക്ഷത്തോടെ വിജയത്തേരിലേറ്റിയ യു.ഡി.എഫുകാരും കരുതിയിരിക്കണം. അനര്‍ഹമായ തോല്‍വി, ജനങ്ങള്‍ക്ക് തെറ്റുപറ്റി എന്നിങ്ങനെ ന്യായീകരണ ബുദ്ധിജീവികള്‍ ഒതുങ്ങിയിട്ടില്ല. തോല്പിക്കാനല്ല വിഷമം; ഇവര്‍ തോറ്റു എന്ന് ബോധ്യപ്പെടുത്താനാണ്. രാജാവിന്റെ കിടക്കയിലെ മൂട്ടകളായി മാറാന്‍ സൈബര്‍ ഗുണ്ടകള്‍ സജ്ജമായിക്കഴിഞ്ഞു. പത്തുവര്‍ഷമായി പത്തിമടക്കിയ സമരാവേശം, കുത്തിത്തിരിപ്പ് എന്നിവയെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ സമയമായി. തുടര്‍ഭരണത്തെ വിമര്‍ശിച്ച കാരശേരിയുടെ പാമ്പും കോണിയും കളിയെന്നാണ് അശോകന് ചരുവിലിന്റെ പരിഹാസം. നേതാക്കന്മാരൊക്കെ 'പരിശോധനാ'ത്തിരക്കിലാണ്. മദമിളകി വരുന്ന ഏതു കൊലകൊമ്പനേയും ഒരു ബട്ടണമര്‍ത്തി തളയ്ക്കാവുന്നതേയുള്ളൂ. കേരളം മുഴുവന്‍ ഫ്ളക്സ് വച്ചാലും സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയാലും കിഫ്ബിയുടെ വിത്തുകുത്തി തറവാട് കുളംതോണ്ടിയാലും ഫലിക്കില്ല. ബംഗാളിലെ ദീദിയെപ്പോലെ അധികാരം വിട്ടൊഴിയില്ലെന്ന് പറയാത്തത് ഭാഗ്യം. ഫ്ളക്സും പോസ്റ്ററും റാലിയും കൊട്ടിക്കലാശവും ബൂത്തുകമ്മറ്റികളുമൊന്നുമില്ലാതെയും തിരഞ്ഞെടുപ്പു ജയിച്ചുകയറാമെന്ന് തെളിയിച്ച ചാണ്ടി ഉമ്മനും ജി. സുധാകരനും ഈ ഇലക്ഷന് നല്കുന്ന സൂചനാപാഠങ്ങളാണ്. ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച യുവ കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുള്‍ റഷീദ് ഒരു താക്കീതാണ്.
ജനാധിപത്യത്തിന്റെ
ജീവന് രക്ഷാപ്രവര്‍ത്തനം
ജനാധിപത്യ ബോധമുള്ള പൗരരുടെ ജീവന്‍രക്ഷാപ്രവര്‍ത്തനമാണ് നാം ഇക്കുറി കണ്ടതെന്ന് കല്പറ്റ നാരായണന്. ആളകമ്പടികളോടും മേള വാദ്യഘോഷത്തോടും അമിതാഡംബരത്തോടെ നാടു വാണ രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നു. കുറ്റവാളികളെ മുദ്രാവാക്യം വിളിച്ച് അകത്തു കയറ്റുകയും പുറത്താനയിക്കുകയും ചെയ്തു. കുറ്റവാളികളുടെ സുവര്‍ണ കാലമായിരുന്നു പോയ പത്തുവര്‍ഷം. ജനാധിപത്യത്തിന്റെ കൈ തട്ടിക്കളഞ്ഞ ഫാസിസത്തിന് കൈകൊടുത്തു. പിണറായി വിരുദ്ധതയ്ക്കു മാത്രം മാര്ക്കുകൊടുത്താല് പോരാ സതീശന്റെ ധീരമായ നേതൃത്വത്തിനും മുസ്ലീംലീഗിന്റെ ആവേശോജ്വല പ്രവര്‍ത്തനത്തിനും കെ.സി. വേണുഗോപാലിന്റെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ക്കും ഈ വിജയത്തില്‍ വലിയ പങ്കുണ്ടെന്നും കല്പറ്റ. (മാതൃ. മെയ് 5).
മത്സരത്തിനായുള്ള
രചനകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് കൊട്ടിഘോഷിച്ചു നടത്തിയ സാഹിത്യ മത്സരങ്ങളെക്കുറിച്ച്് പത്രാധിപ സമിതിക്കും വിധികര്‍ത്താക്കള്‍ക്കും പിടികിട്ടാത്ത ഗുട്ടന്‍സ് വായനക്കാര്‍ തുറന്നു പറയുന്നു. ഇവ മത്സരത്തിനുവേണ്ടി മാത്രം രചിക്കപ്പെട്ടവയാണെന്ന് എ.കെ. അനില്‍കുമാര്‍. മത്സരപ്പകിട്ടു കഴിഞ്ഞാല്‍ ഈ സമ്മാനിത രചനകള്‍ നിറംകെട്ടുപോകും. പ്രചാരണഘോഷയാത്രയും കാപട്യനാടകവും കടന്നുപോകുമ്പോള്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കുട്ടിയുടെ വംശം കുറ്റിയറ്റുപോയിട്ടില്ല എന്നത് ആശ്വാസംതന്ന. (മാതൃ. ആഴ്ച. മേയ് 10).
കവിതക്കാലം;
കഷ്ടകാലം...
ഭാഷാപോഷിണി കവിതകളോട് പുലര്‍ത്തുന്ന ഉദാരത പ്രകടമാണ്. മെയ്മാസ വായനക്ക് 9 കവിതകള്‍. സച്ചിദാനന്ദന്റെ 'ഈ മുറി'തന്നെയാണ് തമ്മില്‍ ഭേദം. ബഹുമുഖമായ വജ്രക്കല്ലുപോലെ രാജ്യങ്ങള്‍ക്കു മാത്രമല്ല മുറികള്‍ക്കുമുള്ള ചരിത്രം പറയുന്നു. മഴയെ സ്വര്‍ഗത്തിലേക്കു മടക്കിയയ്ക്കുന്ന ശാസ്ത്രാദ്ധ്യാപകന്. ഹോട്ടല്‍ മുറിയിലെ തലയിണകളുടെ ആത്മഗതമാണ് സെബാസ്റ്റ്യന്റെ താങ്ങ്. പലമുറികളിലായി മാറി മാറി പാര്‍ക്കുന്ന കണ്ണീരും പ്രണയവും രതിയും ഭാരമേറ്റുന്നവ. ഇനിയെങ്കിലും അവക്ക് കാറ്റുമായ് ചേര്‍ന്നു കിടന്നുറങ്ങണം. തുടര്‍ന്നുള്ള രചനകള്‍ അതെഴുതിയവരുടെ യശഃപ്രാര്ത്ഥനാ ഫലങ്ങളത്രെ. ഇടക്കിടെ പ്രസിദ്ധീകരണങ്ങളുടെ പുറംതിണ്ണയിലെ അഴയില്‍ തങ്ങളെ വിതാനിച്ചുകൊണ്ടിരുന്നില്ലെങ്കില് ഉറക്കംവരാത്ത കവിപുംഗവരുണ്ട്. അവനവന് കടമ്പകളില്‍ സദാ തടഞ്ഞുവീഴാനാണവര്ക്ക് വിധി! (ഭാഷാ-മെയ്)
ഋഷി കവിക്ക്
ജന്മശതാബ്ദി
മഹാകവി അക്കിത്തവും പുതൂര്‍ ഉണ്ണിക്കൃഷ്ണനുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ നേര്‍സാക്ഷിയായ പുതൂരിന്റെ മകന് ഷാജു പുതൂര്‍ ഋഷികവിയുടെ ജന്മശതാബ്ദിയില്‍ തന്റെ സ്മൃതിശേഖരം തുറക്കുന്നു. ഗുരുവായൂര്‍ കിഴക്കേ നടപ്പുരയിലെ ചേണ്ടത്ത് മാളിക പുതൂര്ക്കാലത്ത സാഹിത്യ സംഗമവേദിയായിരുന്നു. മഹാകവി പി, അക്കിത്തം തുടങ്ങിയവരുടെ താവളം. മലയാളത്തിന്റെ കാവ്യപ്രഭ മാനവികതയിലേക്കുയര്ത്തിയ മഹാനായ ഋഷികവിയാണ് അക്കിത്തമെന്ന് ഷാജു പുതൂര്‍. (പ്രഭാതഭേരി-ഏപ്രില്‍).
പ്രകൃതിയുടെ രോദനം
ഡോ. ഷാജു തോമസിന്റെ 'ഒരു ജീവിയുടെ രോദനം' പ്രകൃതിയെ കാതോര്‍ക്കുന്ന ശാസ്ത്രനിരീക്ഷകന്റെ സര്ഗാത്മകാവിഷ്ക്കാരമാണ്. ഒരു തവളയാണ് നായകന്. തവളയെ ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലുമിട്ട് ചൂടാക്കിയാല്‍ എന്താണ് സംഭവിക്കുക? അല്ഗോറിനെപ്പോലെ നിഷ്ഫല ഗവേഷണങ്ങള്‍ ചെയ്ത് ഉപജീവനം കഴിക്കുന്നവര്‍ക്കെതിരെ പരിഹാസം. ഉഭയജീവിയായ ചരിത്രം. നാളെ മനുഷ്യന്റെ ഗതിയും ഈ തവളയുടേതുതന്നെ എന്ന് താക്കീത്. (സഹ്യശ്രീ-മെയ്).
ചാണ്ടി ഉമ്മന്റെ വഴി
'ജനകീയ രാഷ്ട്രീയ നേതാവ്' എന്നതിന് ഉമ്മന്‍ചാണ്ടി നല്കിയ ഒരര്‍ത്ഥമുണ്ട്. അവിടെനിന്നാണ് ഒരു സൈക്കിളില്‍ ചാണ്ടി ഉമ്മന്റെ പുറപ്പാട്. പള്ളിയിലും ക്ഷേത്രത്തിലും നാട്യങ്ങളില്ലാതെ വാരണാസിയിലും റോമിലും കൂപ്പുകൈകളോടെ. യേശുവിനേയും ഗാന്ധിയേയും വിവേകാനന്ദനേയും പിന്‍പറ്റാനുള്ള ശ്രമം. ജനാധിപത്യത്തിലെ രാജകുമാരന്മാരായി വാഴുന്ന ജനപ്രതിനിധികള്‍ക്ക് ചാണ്ടി ഉമ്മന്‍ വേറിട്ടൊരു ദിശാനിര്ദ്ദേശമാണ്. നാടുമുഴുവന്‍ ഫ്ളക്സും പോസ്റ്ററും കൊടിതോരണങ്ങളും വന്‍ റാലിയും കൊട്ടിക്കലാശവും ശബ്ദമുഖരിത പ്രചാരണവുമായി ഇലക്ഷന് മാമാങ്കം കൊടിയിറങ്ങുമ്പോള്‍ ഓര്ത്തുവാന് വേറിട്ടൊരു വഴി തുറക്കുകയാണ് ചാണ്ടി ഉമ്മനെന്ന് വിശ്വനാഥ്. (മാതൃ. വാരാന്ത്യം മെയ് 3).
ഏകലവ്യ പ്രണാമം
സിനിമയില്‍ തനിക്ക് ഗുരുക്കന്മാരില്ലെന്ന് സംവിധായകന് പ്രിയദര്ശന്. എന്നാല്‍ ഏകലവ്യ ഭാവേന ഒരുപാടുപേരെ ഗുരുവായി സ്വീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ടുപേരാണ് സത്യജിത്റേയും ഫോട്ടോഗ്രാഫര്‍ രഘുറായിയും. അപാരമായ ക്രിയേറ്റീവ് കോമ്പോസിഷന്‍ രഘുറായ് ചിത്രങ്ങളിലുണ്ടാവും. വാരാണസിയിലെ രഘുറായ് പകര്‍ത്തിയ നഗരചിത്രങ്ങളില്‍ ഭക്തി, ശുദ്ധി, നൈര്‍മ്മല്യം എന്നിവ കാണാം. ഗംഗയിലെ കല്പടവുകള് എടുക്കുമ്പോള്‍ അതിലൊരിടത്തും ഒരിലയില് പൂവും ചന്ദനവും കൂടിയുണ്ടാവും. (മാതൃ. വാരാന്ത്യം മെയ് 3.).
ടാഗോറും കഥകളിയും
1939. കൊല്‍ക്കത്തയില്‍ ടിക്കറ്റുവച്ച് കഥകളി നടക്കുന്നു. അരങ്ങിനു മുന്നില്‍ വള്ളത്തോളും മുകുന്ദരാജയും ടാഗോറും. ആ കഥകളി അനുഭവം ടാഗോറില്‍ വിസ്മയം നിറച്ചു. ടാഗോര്‍ ആനന്ദബസാറില്‍ കഥകളിയെക്കുറിച്ചെഴുതിയ ലേഖനത്തിലൂടെ ലോക കഥകളിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. കഥകളി കടല്‍ കടന്ന് കേരളത്തെ ലോകപ്രശസ്തമാക്കുമെന്ന ടാഗോറിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. കേരളീയ ക്ലാസിക്കല്‍ കലകളേയും അവയുടെ അണിയറപ്പെരുമകളേയും കുറിച്ച് എഴുതുന്ന ഡോ. വിനിയുടെ എഫ്.ബി കുറിപ്പിലൂടെ കഥകളിയുടെ ഈ നിര്‍ണായക ചരിത്ര സന്ദര്‍ഭം വീണ്ടും ഉന്മൂലനം ചെയ്യപ്പെടുന്നുണ്ട്.
വിമോചന സമരത്തിന്റെ
ബാക്കിപത്രങ്ങള്‍
വിമോചന സമരത്തിനെ പിന്തുണക്കാന്‍ സി.ജെ. തോമസ്, എന്‍.പി. മുഹമ്മദ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ സജീവമായിരുന്നുവെന്ന് എം.എന്‍. കാരശേരി. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചവരില്‍ പ്രമുഖന് ടി. പത്മനാഭനായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല മന്ത്രിസഭയെ രണ്ടുകൊല്ലംകൊണ്ട് താഴെ ഇറക്കി. എതിര്‍ചേരിയില്‍ വിമോചനസമരം ഉണ്ടാക്കിയ പ്രത്യാഘാതം ദുരന്തപൂര്‍ണമായിരുന്നു. വിമോചനസമര മുന്നണിയുടെ അതേ മാതൃകയില്‍ ഇ.എം.എസ് കൂട്ടിക്കെട്ടിയ സപ്തമുന്നണി 1967-ല്‍ അധികാരത്തിലേക്ക്. കേരളത്തിന്റെ യാത്ര അങ്ങനെ റിവേഴ്സ് ഗിയറിലേക്ക് മാറുകയും ചെയ്തുവെന്ന് കാരശേരി. (മാതൃ. ഏപ്രില്‍ 26).
ഒന്നും രാഷ്ട്രീയമല്ല
രാഷ്ട്രീയം എന്ന വാക്കില്പോലും രാഷ്ട്രീയമില്ല. രാഷ്ട്രത്തെ സംബന്ധിച്ച ഒരു വിശേഷണപദം മാത്രമാണതെന്ന് മേതില്‍ രാധാകൃഷ്ണന്. മനുഷ്യര്‍ ഐക്യപ്പെട്ടതും പലകാലത്തും നേതാക്കളുണ്ടായതും രാഷ്ട്രീയംകൊണ്ടല്ല. അതൊരു ഗോത്രസ്വഭാവമാണ്. മുന്നില്‍ നടക്കാന്‍ ഒരു നേതാവിനെ കണ്ടെത്തുന്ന രീതി ആദിമ മനുഷ്യരിലുണ്ട്. അതേ രീതി ഇന്നും പിന്തുടരുന്നു. പക്ഷിക്കൂട്ടത്തില്‍ ആല്ഫബേസുണ്ട്. തേനീച്ചകളിലും മനുഷ്യരിലുമുണ്ട്. നേതാവ്, അണികള്‍ എന്നത് പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് ജയന് ശിവപുരത്തോട് മേതില്‍.
(ഞായര്‍ മനോ. മെയ് 3)
കുട്ടികളുടെ മഹാത്മാ
പാടി രസിച്ച് ബാപ്പുജിയെ അറിയാന്‍ കുട്ടികള്‍ക്കായി അയ്മനം രവീന്ദ്രന് രചിച്ച കൃതിയാണ് കുട്ടികളുടെ മഹാത്മ. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്' മുതലിങ്ങോട്ട് ഗാന്ധിയെക്കുറിച്ചുള്ള രചനകള്‍ ഏറെയുണ്ട്. ഗാന്ധി സ്നേഹം, ഗാന്ധി മാര്‍ഗം, ഗാന്ധിബോധം തുടങ്ങി ഗാന്ധിജിയുടെ വ്യക്തിത്വ സവിശേഷതകള്‍ ഉന്മൂലനം ചെയ്യുന്നതാണീ കൃതി. ഭാവി തലമുറയ്ക്ക് ഗ്രന്ഥകാരന്റെ കൈവിളക്കാണിതെന്ന് സിപ്പി പള്ളിപ്പുറം.
(കുരുക്ഷേത്ര 720 രൂപ).
രോഗഗ്രസ്ത കേരളം
കേരളം രോഗഗ്രസ്ഥമാണെന്ന് കഴിഞ്ഞൊരു ദശാബ്ദം ആരോഗ്യമേഖലയ്ക്ക് മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ. ബി. ഇക്ബാല്‍ കുമ്പസാരിക്കുന്നു. കേരളം ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളികളും വൈരുദ്ധ്യങ്ങളും നേരിട്ടുവരികയാണ്. വര്‍ദ്ധിച്ചുവരുന്ന രോഗാതുരത, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ നേരിടുന്ന സവിശേഷ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവമൂലം കേരളം രോഗഗ്രസ്ഥമായിരിക്കുന്നു. മുന്‍ വി.സിയും ആരോഗ്യവകുപ്പ് ഉന്നതാധികാര സമിതി-പ്ലാനിംഗ് കമ്മീഷന് എന്നിവയില്‍ അംഗവുമായ ഡോ. ബി. ഇക്ബാലാണ് ഈ ഏറ്റുപറച്ചില്‍ നടത്തുന്നത്.
(മാതൃ. ആഴ്ച. മെയ് 3).



