വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ...
കേരളത്തിലെ ഒരു ഗ്രാമവീട്ടിന്റെ മങ്ങിയ വെളിച്ചത്തില്‍, പഴയ കട്ടിലിന്മേല്‍ വയറു കുത്തി കിടന്ന് ഒരു കുട്ടി പുസ്‌തകം തുറക്കുന്നു.
അടുത്ത നിമിഷം ലോകം മാറിപ്പോകും. വായുവിലൂടെ പറക്കുന്ന കാറുകള്‍, ഭൂഗര്‍ഭ താവളങ്ങള്‍, ഭീകരശാസ്‌ത്രജ്‌ഞര്‍, മനുഷ്യനെ മറയ്‌ക്കുന്ന വൈദ്യുതശക്‌തി, വില്ലന്മാരെ കാറ്റില്‍ പറത്തുന്ന ഇരുമ്പുകൈ- എല്ലാം അവന്റെ മുന്നില്‍ ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും.
ആ പുസ്‌തകത്തിന്റെ ആദ്യ പേജില്‍ പതിഞ്ഞിരുന്ന പേര്‍- കണ്ണാടി വിശ്വനാഥന്‍.
മലയാളികളുടെ ബാല്യകൗമാരങ്ങളില്‍ സാഹസത്തിന്റെ തീ കത്തിച്ച ആ മനുഷ്യന്‍ ഓര്‍മ്മയായി മാറിയിരിക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും മരിച്ചിട്ടില്ല. ടമാര്‍, പഠാര്‍ എന്ന ശബ്‌ദങ്ങള്‍ ഇന്നും ഒരു തലമുറയുടെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
1932ല്‍ പാലക്കാട് കണ്ണാടിയില്‍ ജനിച്ച പി. വിശ്വനാഥന്‍, പിന്നീട്‌കണ്ണാടി വിശ്വനാഥന്‍ എന്ന പേരില്‍ മലയാളിയുടെ ഭാവനാലോകം കീഴടക്കി. ജീവിതം സാഹിത്യവേദികളില്‍നിന്നല്ല അദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂള്‍പഠനം പാതിവഴിയില്‍ അവസാനിച്ചു. ജീവിതോപാധിക്കായി ചെന്നൈയില്‍ വര്‍ഷങ്ങളോളം തയ്യല്‍ ജോലി ചെയ്‌തു. എന്നാല്‍ വിധി അദ്ദേഹത്തിനായി ഒളിപ്പിച്ചിരുന്നത് മറ്റൊരു ലോകമായിരുന്നു- ചിത്രകഥകളുടെ ലോകം.
സ്വദേശത്തേക്ക് മടങ്ങിയെത്തിയ ശേഷം കുന്നത്തൂര്‍മേട്ടില്‍ തുടങ്ങിയ ചെറിയ തയ്യല്‍ക്കട തന്നെയായിരുന്നു പിന്നീട് മലയാളത്തിലെ ചിത്രകഥാ വിപ്ലവത്തിന്റെ രഹസ്യശില്‌പശാലയായി മാറിയത്. അയല്‍ക്കാരനായ അച്യുതന്‍ ബുക്ക് ഹൗസ് ഉടമ അച്യുതനുമായുള്ള സൗഹൃദം വിശ്വനാഥനെ തമിഴ് ചിത്രകഥകളുടെ ലോകത്തേക്ക് നയിച്ചു. തമിഴ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്ന വിശ്വനാഥനോട്, തമിഴിലെ പ്രശസ്‌തമായ 'മുത്തു കോമിക്‌സ്' ചിത്രകഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റാന്‍ അച്യുതന്‍ ആവശ്യപ്പെടുകയായിരുന്നു. ആ തയ്യല്‍ക്കടയിലെ തയ്യല്‍ മെഷീന്റെ ശബ്‌ദങ്ങള്‍ക്കിടയിലിരുന്നാണ് മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിച്ച സാഹസിക ലോകത്തിന്റെ തിരക്കഥകള്‍ ജനിച്ചത്. എന്നാല്‍ വിവര്‍ത്തനത്തില്‍ മാത്രം അദ്ദേഹം നില്‍ക്കിയില്ല; മലയാളി കുട്ടികളുടെ ചിന്താശേഷിക്ക് ചേര്‍ന്ന പുതിയൊരു ശൈലി അദ്ദേഹം രൂപപ്പെടുത്തി.
അങ്ങനെ ജനിച്ചു- ഇരുമ്പുകൈ മായാവി, സി.ഐ.ഡി മൂസ, റിവോള്‍വര്‍ റിങ്കോ, സി.ഐ.ഡി മൈക്കിള്‍, സി.ഐ.ഡി മഹേഷ് തുടങ്ങിയ അനശ്വര കഥാപാത്രങ്ങള്‍.
ഇന്ന് ഗ്രാഫിക് നോവല്‍ എന്നു വിളിക്കുന്ന സാഹിത്യരൂപം, അന്നത്തെ കേരളത്തില്‍ കുട്ടികളുടെ കൈയിലെ ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പുസ്‌തകങ്ങളായിരുന്നു. ഓരോ പതിപ്പും കൈമാറി വായിക്കപ്പെട്ടു. ചായക്കടകളില്‍നിന്നു സ്‌കൂള്‍ വരാന്തകളിലേക്ക്, ഹോസ്‌റ്റല്‍ മുറികളില്‍നിന്ന് ഗ്രാമവഴികളിലേക്ക്.
അദ്ദേഹത്തിന്റെ കഥകളെ വേറിട്ടതാക്കിയത് സാഹസമാത്രമല്ല; ഭാഷയുമായിരുന്നു. വെടിയൊച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും പോലും അദ്ദേഹം മലയാളത്തിന്റെ തനിമ നല്‍കി.ഠമാര്‍, പഠാര്‍, ടും ടും, ഠിം ഠിം- ഈ ശബ്‌ദങ്ങള്‍ വായനക്കാരന്റെ മനസില്‍ സിനിമയെക്കാള്‍ ശക്‌തമായ ദൃശ്യങ്ങള്‍ സൃഷ്‌ടിച്ചു.
അതില്‍ ഏറ്റവും വലിയ അത്ഭുതമായിരുന്നു ഇരുമ്പുകൈ മായാവി. വൈദ്യുതശക്‌തിയുടെ സഹായത്തോടെ അദൃശ്യനാകുന്ന നായകന്‍. പക്ഷേ ഇരുമ്പുകൈ മാത്രം ദൃശ്യമായിരിക്കും. ആ കൈ ആയുധവുമാണ്, സംരക്ഷണവുമാണ്, രഹസ്യോപകരണവുമാണ്. ആ കാലത്ത് കുട്ടികള്‍ക്ക് അത് ശാസ്‌ത്രത്തിന്റെയും മായാജാലത്തിന്റെയും സംഗമമായിരുന്നു. ലോകസാഹിത്യത്തിലെ സൂപ്പര്‍ഹീറോകളെപ്പോലെ മലയാളിക്കും സ്വന്തം വീരപുരുഷനെ അദ്ദേഹം സമ്മാനിച്ചു.
മറ്റൊരുവശത്ത് സി.ഐ.ഡി മൂസ ഉണ്ടായിരുന്നു- അതിസാഹസികന്‍, വേഗമേറിയ അന്വേഷണകാരന്‍, വില്ലന്മാരെ നിമിഷങ്ങള്‍ക്കകം തകര്‍ക്കുന്ന ആക്?ഷന്‍ നായകന്‍. ഉയരംകൂടിയ കെട്ടിടങ്ങളില്‍നിന്ന് ചാടിയിറങ്ങുകയും, ഹെലികോപ്‌റ്ററുകളില്‍ കയറി ഏറ്റുമുട്ടുകയും, രാക്ഷസജീവികളെ നേരിടുകയും ചെയ്‌ത മൂസ, അന്നത്തെ കുട്ടികള്‍ക്ക് ജെയിംസ് ബോണ്ടിനെയും സ്‌പൈഡര്‍മാനെയും മറക്കിച്ചു.
അത്ഭുതകരമായൊരു വസ്‌തുത- ദിനോസറുകളെ ആസ്‌പദമാക്കി ലോകത്തെ വിസ്‌മയിപ്പിച്ച ജുറാസിക് പാര്‍ക്ക് സിനിമ എത്തുന്നതിന് ഏറെ മുമ്പ് തന്നെ, ഭീകര പല്ലികളുടെയും ശാസ്‌ത്രീയ പരീക്ഷണങ്ങളുടെയും കഥകള്‍ അദ്ദേഹം മലയാളത്തില്‍ സൃഷ്‌ടിച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍, കുറ്റാന്വേഷണം, ആക്ഷന്‍, ഫാന്റസി- ഇതെല്ലാം കുട്ടികള്‍ക്കു മനസിലാകുന്ന ഭാഷയില്‍ ചേര്‍ത്തിണക്കിയ എഴുത്തുകാരനായിരുന്നു കണ്ണാടി വിശ്വനാഥന്‍.
ഒരു രൂപ വിലയുള്ള പുസ്‌തകങ്ങള്‍ പതിനായിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയ കാലം അത്. വൈദ്യുതി പോലും അപൂര്‍വമായിരുന്ന വീടുകളില്‍, കുട്ടികളുടെ സങ്കല്‍പ്പശേഷിക്ക് വെളിച്ചമായിരുന്നു ആ ചിത്രകഥകള്‍. പിറ്റേന്ന് കളിക്കളങ്ങളില്‍ കുട്ടികള്‍ കഥാപാത്രങ്ങളായി മാറും- ഞാന്‍ മായാവി, നീ മൂസ, അവന്‍ വില്ലന്‍. സാഹിത്യം കളിയായി മാറിയ അപൂര്‍വ നിമിഷങ്ങള്‍.
കണ്ണാടി വിശ്വനാഥന്റെ സൃഷ്‌ടികള്‍ പിന്നീട് മലയാള സിനിമയേയും സ്വാധീനിച്ചു. സി.ഐ.ഡി മൂസ, റിവോള്‍വര്‍ റിങ്കോ തുടങ്ങിയ പേരുകള്‍ സിനിമയിലെത്തിയത് അദ്ദേഹത്തിന്റെ ചിത്രകഥകളില്‍നിന്നുള്ള പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ സാഹിത്യത്തിന്റെയും ജനപ്രിയസംസ്‌കാരത്തിന്റെയും ഇടയില്‍ ഒരു പാലമായി നിന്നു.
1983ല്‍ പുറത്തിറങ്ങിയ ശൂന്യാകാശത്തിലെ ക്ഷുദ്രജീവികള്‍എന്ന കൃതിയോടെ അദ്ദേഹത്തിന്റെ ചിത്രകഥാപ്രയാണം അവസാനിച്ചു. പിന്നീട് ടെലിവിഷനും ഡിജിറ്റല്‍ ലോകവും കുട്ടികളുടെ വായനശീലങ്ങളെ മാറ്റിമറിച്ചു. എന്നാല്‍ അതുകൊണ്ട് കണ്ണാടി വിശ്വനാഥന്റെ ലോകം മാഞ്ഞില്ല. പഴയ പുസ്‌തകങ്ങളുടെ മണംപോലെ, ആ കഥാപാത്രങ്ങള്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ ജീവിക്കുന്നു.
ഇക്കഴിഞ്ഞ മേയ് 15ന് കണ്ണാടി വിശ്വനാഥന്‍ വിടവാങ്ങി.
പക്ഷേ, ഒരു പഴയ ചിത്രകഥയുടെ പേജ്
തുറക്കുന്നിടത്തോളം-
അവിടെ എവിടെയോ ഇന്നും കേള്‍ക്കും:
ഠമാര്‍... പഠാര്‍...!
എം.എസ്. ജീജോ


