മലയാളത്തിനു ഗാനമാധുരി പകര്‍ന്നു നല്‍കിയ ജി. ദേവരാജന്റെ സ്‌മരണയില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍, അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയില്‍, സംഗീത ചക്രവര്‍ത്തിയുടെ ജീവിതകഥ പുതുതലമുറയ്‌ക്കു പകര്‍ന്നു നല്‍കാന്‍ ഒരു മ്യൂസിയം പണിതിരിക്കയാണ് പരവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി. ദേവരാജന്‍ മാസ്‌റ്ററുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരം കൂടിയാണ് യാഥാര്‍ഥ്യമായത്. പരവൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അര കിലോമീറ്ററിനുള്ളില്‍ പരവൂര്‍-പാരിപ്പള്ളി റോഡില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് ഈ മ്യൂസിയം.
ഗിറ്റാര്‍, തബല, ഹാര്‍മോണിയം ഇവയുടെ മധ്യത്തില്‍ ദേവരാജന്‍, അദ്ദേഹത്തിലൂടെ ഒഴുകിപ്പരക്കുന്ന സംഗീത സ്വരങ്ങളുടെ ആവിഷ്‌കാരം. ഇതാണ് മ്യൂസിയത്തിന്റെ മുഖം. മ്യൂസിയത്തിന് മുമ്പില്‍ ഇടതുവശത്തായി മനോഹരമായ ഒരു ശില്‍പം നമ്മെ സ്വാഗതം ചെയ്യുന്നു. ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ചു പാട്ടു പാടി കൊടുക്കുന്ന ദേവരാജനും അത് കേട്ട് മനസിലാക്കുന്ന ഗായകരായ യേശുദാസും ജയചന്ദ്രനും. ഇടയകന്യകയും മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയും കണ്ണുനീര്‍ തുള്ളിയും റംസാനിലെ ചന്ദ്രികയും ഇവിടെ ഗാനങ്ങളായി പ്രസരിക്കുന്നു.
ഒരു മുറി നിറയെ ദേവരാജന്റെ ജീവിതത്തിലെ വിശേഷപ്പെട്ട മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകളാണ്. സിനിമാ പ്രവര്‍ത്തകര്‍, നാടക പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ചെലവിട്ട നിമിഷങ്ങള്‍. എന്നാല്‍, സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുക ഹിറ്റ് ഗാനങ്ങളുടെ അണിയറ പ്രവര്‍ത്തന സമയത്തെ ചിത്രങ്ങളാണ്.
അടുത്ത മുറി തികച്ചും സ്വകാര്യമാണ്. അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡുകളും ബഹുമതി പത്രങ്ങളും 100 ദിവസം തികച്ച സിനിമകളുടെ ട്രോഫികളുമാണ്. ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, സംസ്‌ഥാന സിനിമാ-നാടക അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് തുടങ്ങിയവ. തമിഴ്‌നാട് സംസ്‌ഥാന അവാര്‍ഡ്, മലയാളനാട് അവാര്‍ഡ്, കെ.പി.എ.സി. ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ അവാര്‍ഡ്, ഐ.പി.ആര്‍.എസ്. അവാര്‍ഡ്, സംഗീത കലാനിധി അവാര്‍ഡ് തുടങ്ങിയവ.
സംഗീത സംവിധാനത്തിന് ഉപയോഗിച്ചിരുന്ന ഹാര്‍മോണിയം, ഗിറ്റാര്‍, മൃദംഗം, റഷ്യന്‍ സംഗീത ഉപകരണം. തംബുരു, ശ്രുതിപ്പെട്ടി, ആദ്യകാല ഗ്രാമഫോണ്‍, ആധുനിക കാലഘട്ടത്തിലെ ഇലക്‌ട്രോണിക് പ്ലെയറുകള്‍, ദേവരാജന്‍ സംഗീതം ചെയ്‌ത സിനിമകളുടെ റെക്കോര്‍ഡുകള്‍. പ്രോഗ്രാമുകള്‍, റെക്കോര്‍ഡ് ചെയ്‌ത യുമാറ്റിക് ബിറ്റ് ടേപ്പുകള്‍ തുടങ്ങിയവ. ദേവരാജന്‍ തന്റെ സുഹൃത്തിന് എഴുതി കൊടുത്ത ഒരു ഓട്ടോഗ്രാഫും കാണാം.
പാട്ടുകളുടെ ലിസ്‌റ്റുകള്‍, സംഗീതഗ്രന്ഥമായ സംഗീത ശാസ്‌ത്ര നവസുധയുടെ കൈയെഴുത്ത് പ്രതി, അദ്ദേഹം സംഗീതം നല്‍കിയ ഗാനങ്ങള്‍ കോഡീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ദേവഗീതികള്‍, മലയാള ചലച്ചിത്ര സംഗീതം 50 വര്‍ഷം എന്ന പേരില്‍ 1994-ല്‍ നടത്തിയ സംഗീത പരിപാടിക്ക് പുറത്തിറക്കിയ മലയാള ചലച്ചിത്ര സംഗീത ചരിത്ര പുസ്‌തകം ഇവയൊക്കെയുണ്ട്. ഇതും സംഗീത ഗവേഷകര്‍ക്ക് വിജ്‌ഞാന ഗ്രന്ഥങ്ങള്‍ തന്നെയാണ്. ഇന്ത്യയില്‍ ഒരു ഭാഷയിലും ചലച്ചിത്ര സംഗീതത്തിന് അടിത്തറയായി ഇങ്ങനെ ഒരു പുസ്‌തകം ഇറങ്ങിയിട്ടില്ല. അതും അദ്ദേഹത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. മറ്റൊരു പ്രധാന കാഴ്‌ച ദേവരാജന്‍ എഴുതി തയാറാക്കിയ 160ല്‍ പരം ഷഡ്‌കാല പല്ലവികളുടെ ശേഖരമാണ്.
ദേവരാജന്റെ ഗുരുവായ ദക്ഷിണാമൂര്‍ത്തി പിള്ള, പിതാവും ആദ്യം സംഗീതം പഠിപ്പിച്ച ഗുരുവുമായ കൊച്ചു ഗോവിന്ദനാശാന്‍, ദേവരാജന്‍ ഇവര്‍ മൂന്ന് പേരുടെയും ഒരു ചിത്രം നമ്മെ വിസ്‌മയിപ്പിക്കും. മൂന്നു കാലഘട്ടമാണ് ഇവിടെ കടന്നു പോകുന്നത്. അതുപോലെ തന്റെ മാനസഗുരുക്കന്മാരുടെ ഒരു നിര തന്നെയുണ്ട്. മുത്തു സ്വാമി ദീക്ഷിതര്‍, ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്‌ത്രികള്‍, സ്വാതിതിരുനാള്‍, മുത്തയ്യാ ഭാഗവതര്‍, പാപനാശം ശിവന്‍, കെ.സി. കേശവപിള്ള, പട്ടണം സുബ്രഹ്‌മണ്യം അയ്യര്‍ മഹാവൈദ്യനാഥ അയ്യര്‍, കെ.പി. നാരായണന്‍ ഉണ്ണിത്താന്‍, കെ.ആര്‍. കുഞ്ഞുണ്ണിത്താന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും കാണാം. റെക്കോര്‍ഡുകള്‍, കാസറ്റുകള്‍, ടേപ്പുകള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന സ്‌റ്റില്‍ കാമറ, വായിച്ചിരുന്ന വലിയൊരു പുസ്‌തക ശേഖരം തുടങ്ങിയവയൊക്കെ നമുക്കിവിടെ കാണാം. എല്ലാ വിഷയങ്ങളും വായിക്കുകയും സ്വന്തമായി നിലപാടുകള്‍ വ്യക്‌തമാക്കുകയും ചെയ്‌തിരുന്ന ഒരു സംഗീത സംവിധായകന്‍ മാത്രമായിരുന്നില്ല, ഒരു പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ഈ പുസ്‌തകങ്ങളില്‍ നിന്ന് മനസിലാക്കാം.
ഒരു നല്ല എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്‌കൃതവും തമിഴും ഇംഗ്ലഗ്ലീഷും നല്ലതു പോലെ അറിയാമായിരുന്നു. ദേവരാജന്‍ കുറിച്ചുവച്ച ലേഖനങ്ങളും കവിതകളും ഇവിടെ വായിച്ചു നോക്കാം. സംഗീത സംബന്ധിയായ നിരവധി പ്രാമാണിക ഗ്രന്ഥങ്ങള്‍ സംഗീത ഗവേഷകര്‍ക്ക് ഒരു വഴികാട്ടിയാണ്. ഹിറ്റ് ഗാനങ്ങളുടെ ഫുള്‍ നൊട്ടേഷനുകള്‍ കണ്ടു മനസിലാക്കാം. അദ്ദേഹം ചെയ്‌ത ഗാനങ്ങളുടെ രാഗവിശേഷങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിട്ടുള്ളത് കാണാം. വയലാര്‍ മദ്രാസില്‍ നിന്ന് താമസം മതിയാക്കി വയലാറിലേക്ക് മടങ്ങുമ്പോള്‍ എഴുതാനിരുന്ന കസേരകളും ടീപോയും ആത്മ സ്‌നേഹിതനായ മാസ്‌റ്റര്‍ക്ക് കൊടുത്തിട്ടാണ് പോയത്. 50 വര്‍ഷത്തിലേറെയായ ആ കസേരകള്‍ ഇവിടെ കാണാം.
മറ്റൊരു മുറിയില്‍ ദേവരാജന്‍ സംഗീത സംവിധാനം ചെയ്യുന്ന ഒരു മാതൃക സൃഷ്‌ടിച്ചിട്ടുണ്ട്. ഒരു ഗാന പുസ്‌തകം. താഴെ ഹര്‍മോണിയം. ഗാനം വായിച്ചു സംഗീതം സ്വരങ്ങളായി, ഈണമായി, രൂപം കൊള്ളുന്ന അപൂര്‍വ കാഴ്‌ചയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മ്യൂസിയത്തില്‍ ശില്‍പം ചെയ്‌തിരിക്കുന്നത് പ്രശസ്‌ത ശില്‍പി ശന്തനുവും രാജീവുമാണ്. മ്യൂസിയം ഇന്റീരിയര്‍ ഡിസൈന്‍ ചെയ്‌തത് സാബു നെടുങ്ങോലവും ഫോട്ടോകള്‍ കൊണ്ട് വിസ്‌മയമൊരുക്കിയത് ജിജോ പരവൂരുമാണ്. പരവൂരിലെ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയ മ്യൂസിയത്തിനായി ചുക്കാന്‍ പിടിച്ചത് പ്രസിഡന്റ് സദാനന്ദന്‍, സെക്രട്ടറി രാജു, മറ്റു ഭാരവാഹികള്‍ തുടങ്ങിയവരാണ്. തിങ്കളാഴ്‌ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് ആറുവരെയുമാണ് പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം.
ഉണ്ണി വി.ജെ. നായര്‍


