
കൊൽക്കത്ത: ഇവിഎം ബട്ടൺ മറച്ചു എന്ന ബിജെപിയുടെ പരാതിയെ തുടർന്ന് പശ്ചിമബംഗാളിലെ ഫാൽതയിൽ റീപോളിംഗ് പ്രഖ്യാപിച്ചു. ഫാൽത മണ്ഡലത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിംഗ്. മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടക്കും. മെയ് 24-ന് ആയിരിക്കും ഫലപ്രഖ്യാപനം.
"ഗുരുതരമായ തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ജനാധിപത്യ പ്രക്രിയയുടെ അട്ടിമറിയും" ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ, സൗത്ത് 24 പർഗാനാസിലെ പല ബൂത്തുകളിലും വോട്ടിംഗ് മെഷീനിലെ ബിജെപിയുടെ ബട്ടണിൽ ടേപ്പ് ഒട്ടിച്ച് മറച്ചതായി ബിജെപി ആരോപിച്ചിരുന്നു. ഫാൽതയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടന്നുവെന്ന ബിജെപിയുടെ പരാതിയെ തുടർന്നാണ് കമ്മീഷന്റെ ഈ കടുത്ത നടപടി.
ബംഗാളിലെ 144-ഫാൽത നിയമസഭാ മണ്ഡലത്തിൽ ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും ജനാധിപത്യ അട്ടിമറിയും നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അനുബന്ധ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള 285 പോളിംഗ് സ്റ്റേഷനുകളിലും പുതുതായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു എന്നാണ്തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതനുസരിച്ച്, മെയ് 4-ന് പശ്ചിമ ബംഗാളിലെ ആകെയുള്ള 294 സീറ്റുകളിൽ 293 എണ്ണത്തിലെ വോട്ടെണ്ണൽ മാത്രമായിരിക്കും നടക്കുക.
അതേസമയം, ഫാൽതയിൽ ബിജെപി ഒരിക്കലും വിജയിക്കില്ലെന്ന് ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ എംപി കൂടിയായ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രതികരിച്ചു. തന്റെ 'ഡയമണ്ട് ഹാർബർ മോഡലിനെ' തകർക്കാൻ ഒന്നിനും കഴിയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെ മുഴുവൻ കേന്ദ്ര സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം എക്സിൽ കുറിച്ചു






