
ദ ഹേഗ്: നെതർലൻഡ്സിലെ രാജകുമാരിമാരായ കാതറീന അമേലിയയെയും സഹോദരി അലക്സിയയെയും വധിക്കാൻ ഗൂഢാലോചന നടത്തിയ 33-കാരനായ തീവ്രവലതുപക്ഷവാദി പിടിയിലായി. പ്രതിയുടെ പക്കൽ നിന്നും "അലക്സിയ", "മൊസാദ്", നാസികളുടെ അഭിവാദ്യത്തിന് ഉപയോഗിച്ചിരുന്ന "സീഗ് ഹെയ്ൽ" എന്നീ വാക്കുകൾ കൊത്തിയ രണ്ട് കോടാലികൾ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
കോടാലിയിൽ കൊത്തിയിരിക്കുന്ന വാക്കുകൾ പ്രതിയുടെ തീവ്ര വലതുപക്ഷ ചായ്വിനെ സൂചിപ്പിക്കുന്നു. ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ പേരും നാസി എന്ന എഴുത്തും സന്ദർഭത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ ദ ഹേഗിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ "അമേലിയ", "അലക്സിയ", "രക്തച്ചൊരിച്ചിൽ" എന്ന് കൈപ്പടയിൽ എഴുതിയ കുറിപ്പും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതക ശ്രമത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം വെളിപ്പെടുത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
രാജകുമാരി കാതറീന-അമേലിയക്ക് നേരെ വധഭീഷണികൾ ഉയരുന്നത് ഇതാദ്യമായല്ല. 2020-ൽ ലൈംഗിക അതിക്രമം നടത്തുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രാജകുമാരിക്ക് ഒളിവിൽ പോകേണ്ടി വന്നു. 2022-ൽ ആംസ്റ്റർഡാമിലെ സ്റ്റുഡന്റ്സ് അക്കമഡേഷനിൽ നിന്ന് സുരക്ഷാ കാരണങ്ങളാൽ കൊട്ടാരത്തിലേക്ക് മാറാൻ രാജകുമാരി നിർബന്ധിതയായി.
തനിക്ക് സാധാരണ ജീവിതം നഷ്ടമായി എന്നും ഒരു വിദ്യാർത്ഥിയെപ്പോലെ തെരുവിലൂടെ നടക്കാനും കടകളിൽ പോകാനും താൻ ആഗ്രഹിക്കുന്നു എന്നും സുരക്ഷാ കാരണങ്ങളാൽ വീടിനുള്ളിൽ കഴിയേണ്ടി വന്നതിനെക്കുറിച്ച് കാതറീന അമേലിയ അടുത്തിടെ പ്രതികരിച്ചിരുന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ 2024-ൽ ആണ് രാജകുമാരി നാട്ടിൽ തിരിച്ചെത്തിയത്. പുതിയ സംഭവവികാസങ്ങളോടെ രാജകുടുംബത്തിന്റെ സുരക്ഷ വീണ്ടും കർശനമാക്കിയിരിക്കുകയാണ്.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ തട്ടിക്കൊണ്ടുപോകൽ ഭീഷണിയെത്തുടർന്ന് ഒരു വർഷത്തോളം കാതറീന-അമേലിയ സ്പെയിനിലെ മാഡ്രിഡിലായിരുന്നു താമസിച്ചിരുന്നത്. യൂറോപ്പിലെ കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് റിഡുവൻ താഘിയുടെ സംഘം രാജകുമാരിയെയും മുൻ പ്രധാനമന്ത്രി മാർക്ക് റുട്ടെയെയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2024-ൽ അഞ്ച് കൊലപാതകക്കേസുകളിൽ താഘിക്ക് ജീവപര്യന്തം തടവ് ലഭിച്ചെങ്കിലും, ജയിലിനുള്ളിലിരുന്നും അയാൾ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നുണ്ടോ എന്ന ഭീതിയിലാണ് നെതർലൻഡ്സ്.






