
ന്യൂഡൽഹി: ശനിയാഴ്ച സഫ്ദർജംഗിലെ വീട്ടിൽ യുവ ജഡ്ജി തൂങ്ങി മരിച്ചതിനു പിന്നാലെ ഭാര്യയ്ക്കെതിരെ ആരോപണവുമായി ബന്ധു രംഗത്ത്. ജഡ്ജി കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല. സംഭവസമയത്ത് ജഡ്ജിയുടെ ഭാര്യയും പിതാവും ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.
മകന്റെ ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ജഡ്ജിയുടെ പിതാവ് ആൽവാറിൽ നിന്ന് ഡൽഹിയിലെത്തി. ഇവിടെ എത്തിയപ്പോഴാണ് മകനും ഭാര്യയുമായി പ്രശ്നങ്ങളുണ്ടെന്ന് പിതാവ് അറിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി താൻ പീഡിപ്പിക്കപ്പെടുകയാണെന്ന് ജഡ്ജി പറഞ്ഞതായി ബന്ധു എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഭർതൃപിതാവ് വീട്ടിൽ നിന്ന് പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് മരുമകൾ ഭീഷണിപ്പെടുത്തിയതായും ബന്ധു വെളിപ്പെടുത്തി. അടുത്ത ദിവസം രാവിലെ ജഡ്ജിയുടെ പിതാവ് മരുമകളുടെ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വീട്ടിൽ വലിയ തർക്കം നടന്നതായും ബന്ധു പറയുന്നു. ജമ്മു കശ്മീരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹോദരി ദമ്പതികളുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടിരുന്നതായും ബന്ധു ആരോപിക്കുന്നു.
കാർക്കർദൂമ കോടതിയിൽ ജോലി ചെയ്തിരുന്ന 30 വയസ്സുകാരനായ ജുഡീഷ്യൽ ഓഫീസറെ സഫ്ദർജംഗിലെ രണ്ടാം നിലയിലുള്ള ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രീൻ പാർക്ക് മെയിനിലെ ഫ്ലാറ്റിലെ ബാത്ത്റൂമിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ, പോലീസും ബിൽഡിംഗ് സെക്യൂരിറ്റി ജീവനക്കാരും യൂട്ടിലിറ്റി ഷാഫ്റ്റിലൂടെ കയറി ജനൽ തകർത്താണ് അകത്ത് കടന്നത്. അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.






