
ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലുള്ള നാല് നിലകളുള്ള പാർപ്പിട സമുച്ചയത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. നാലു പേർക്ക് പരിക്കു പറ്റി. എസി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കൊല്ലപ്പെട്ട ഒമ്പത് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് കണ്ടെടുത്തത്. മൂന്ന് പേരെ ഗോവണിപ്പടിയിലും ഒരാളെ ഒന്നാം നിലയിലും മരിച്ച നിലയിൽ കണ്ടെത്തി.
പുലർച്ചെ 3.47-നാണ് അധികൃതർക്ക് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. 8.30- ഓടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിലേക്ക് തീ പടർന്നതോടെ രക്ഷാപ്രവർത്തനം ശക്തമാക്കിയിരുന്നു. ഉടൻ തന്നെ 14 ഫയർ യൂണിറ്റുകൾ സ്ഥലത്ത് എത്തി. രക്ഷാപ്രവർത്തനത്തിനിടെ പത്തോളം പേരെ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.






