
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു അസാധാരണ റിപ്പോർട്ട് പുറത്തുവരുന്നു. വിമാനത്താവളത്തിൽ ഒരു വിമാനം ലാൻഡ് ചെയ്ത് ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് സംഭവം.
തമിഴ്നാട്ടിലെ പുതുക്കോട്ട സ്വദേശിയായ യാത്രക്കാരനാണ് ഇത്തരത്തിൽ അസാധാരണമായ പ്രവൃത്തി ചെയ്തത്. ഇന്ന് പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ശേഷം പാർക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പൂർണ്ണമായും നിർത്തുന്നതിന് മുൻപ് തന്നെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് വിവരം ഗ്രൗണ്ട് സെക്യൂരിറ്റിയെ അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
യാത്രയ്ക്കിടെ ഇയാൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനത്തിനുള്ളിൽ വച്ച് രണ്ട് തവണ ഇയാൾ ഛർദ്ദിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യം മൂലമുണ്ടായ വെപ്രാളമാകാം ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രധാന റൺവേ പുലർച്ചെ 03:23 മുതൽ 04:23 വരെ അടച്ചിട്ടു. ഈ സമയത്തെ വിമാനങ്ങൾ സെക്കൻഡറി റൺവേ വഴിയാണ് കടത്തിവിട്ടത്. വിമാനത്തിനോ മറ്റ് യാത്രക്കാർക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തിന് ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാരീക പ്രശ്നമാണോ മറ്റെന്തെങ്കിലും കാരണമാണോ സംഭവത്തിനു പിന്നിൽ എന്ന് അന്വേഷിക്കും.






