
പൂനെ: മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുട്ടിയുടെ മൃതദേഹവുമായി ശനിയാഴ്ച നൂറുകണക്കിന് ആളുകൾ പൂനെയിലെ മുംബൈ-ബംഗളൂരു ദേശീയപാത ഉപരോധിച്ചു. തിരക്കേറിയ ദേശീയപാതയിൽ ഏകദേശം നാല് മണിക്കൂറോളമാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് പ്രതിഷേധക്കാരും ചേർന്ന് കുട്ടിയുടെ മൃതദേഹം നവാലെ ബ്രിഡ്ജിന് സമീപം റോഡിൽ വെച്ച് പ്രതിഷേധിക്കുകയായിരുന്നു. ഭീംറാവു കാംബ്ലെ (65) എന്ന പ്രതിക്ക് കഠിനശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു.
സമീപ ഗ്രാമവാസിയായ കാംബ്ലെ കുട്ടിയെ പശുത്തൊഴുത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ പീഡിപ്പിച്ച ശേഷം തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടിയതാണ് മരണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ സൂചിപ്പിക്കുന്നു. കുട്ടിയുടെ തലയിൽ മുറിവുകളുണ്ട്.
ശനിയാഴ്ച അർദ്ധരാത്രിയോടെ വൻ പോലീസ് കാവലിൽ പൂനെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പ്രതിയായ കാംബ്ലെ ഇതിനുമുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. സമീപത്തെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുട്ടിയോടൊപ്പം പോകുന്നത് കണ്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്.
നിലവിൽ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ മെയ് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ ശനിയാഴ്ച ഇരയുടെ കുടുംബത്തെ സന്ദർശിച്ചു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ ചെയ്യുമെന്നും പ്രതിക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്നും അവർ ഉറപ്പുനൽകി. സംഭവത്തെ "മനുഷ്യത്വത്തിന് കളങ്കം" എന്നാണ് അവർ വിശേഷിപ്പിച്ചത്.
മറ്റൊരു ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.






