
ലക്നൗ: സിദ്ധാർത്ഥ്നഗറിൽ വാട്ടർ ടാങ്കിനു മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി. റീൽസ് എടുക്കാനായി അഞ്ച് കുട്ടികളാണ് ഉയരമുള്ള വാട്ടർ ടാങ്കിനു മുകളിൽ കയറിയത്. മൂന്ന് പേർ ടാങ്കിന്റെ പഴയ ഗോവണി തകർന്ന് താഴേക്കു പതിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
ശനിയാഴ്ചയാണ് കുട്ടികൾ സാഹസികത കാട്ടാനായി വാട്ടർ ടാങ്കിനു മുകളിൽ കയറിയത്. സിദ്ധാർത്ഥ് എന്ന 10 വയസ്സുകാരനാണ് താഴേക്കു വീണ് കൊല്ലപ്പെട്ടത്. സിദ്ധാർത്ഥിനൊപ്പം ഗോലു (12), സണ്ണി (14) എന്നിവരാണ് ഗോവണി തകർന്ന് താഴെ വീണത്. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പവൻ (14) ശബാൻ (12) എന്നിവരാണ് മുകളിൽ കുടുങ്ങിയത്.
ഗോവണി തകർന്നതോടെ ബാക്കിയുള്ള രണ്ട് പേർ ഏകദേശം 16 മണിക്കൂറോളം ടാങ്കിന് മുകളിൽ കുടുങ്ങിക്കിടന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ വ്യോമസേനയുടെ MI-17 V5 ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. രക്ഷപ്പെടുത്തിയ യുവാക്കളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗോരഖ്പൂരിലേക്ക് മാറ്റി. ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ വ്യോമസേന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പുലർച്ചെ 5:20-ഓടെ കാൻഷിറാം ആവാസി കോളനിയിലെത്തിയ ഹെലികോപ്റ്റർ വെറും 15 മിനിറ്റിനുള്ളിൽ യുവാക്കളെ സുരക്ഷിതമായി താഴെയിറക്കി.
ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട്, ദുരന്ത നിവാരണ സേനാംഗങ്ങൾ എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.






