
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയേറ്റത് കേരളാകോണ്‍ഗ്രസ് എമ്മിന്. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയടക്കം മത്സരിച്ച 12 പേരും പിന്നിലായി. അതേസമയം ജോസഫ് വിഭാഗം മത്സരിച്ച എട്ടിടത്തില് ഏഴിലും മുന്നേറ്റം. കേരളാകോണ്ഗ്രസില് നേതാക്കളായ റോഷി അഗസ്റ്റിനും ജോസ് കെ മാണിയും അടക്കമുള്ളവര്‍ പിന്നിലായിരിക്കുകയാണ്.
ജോസഫ് വിഭാഗവുമായി നേരിട്ട പല സ്ഥലങ്ങളിലൂം ജോസ് വിഭാഗത്തിന് തിരിച്ചടി നേരിടുകയാണ്. റാന്നി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, ഇരിക്കൂര്‍, കടുത്തുരുത്തി, തൊടുപുഴ, പിറവം, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് കേരളാകോണ്‍ഗ്രസ് എം വിഭാഗം മത്സരിച്ചത്. ശക്തികേന്ദ്രമായ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പാലായിലും ജോസ് കെ മാണി വിഭാഗം പിന്നില്‍ പോയി.
അതേസമയം മറുവശത്ത് കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തൊടുപുഴയില്‍ അപ്പു ജോസഫും അടക്കമുള്ളവര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിലേക്ക് നീങ്ങാനുള്ള ജോസ് കെ മാണിയുടെ ശ്രമം തടഞ്ഞത് റോഷി അഗസ്റ്റിനായിരുന്നു. ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനുള്ള അവരുടെ തീരുമാനം ശരിയായിരുന്നോ എന്ന ചര്‍ച്ചകള്‍ ഇനി പുരോഗമിക്കും.






