
തിരുവനന്തപുരം: സി.പി.എം. മണിച്ചിത്രത്താഴിട്ടു പൂട്ടിയ നേമം രാജീവ് ചന്ദ്രശേഖര്‍ എന്ന താക്കോല്‍ ഇട്ട് ബി.ജെ.പി. തുറന്നു. നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് മണിച്ചിത്രത്താഴിട്ടു പൂട്ടിയെന്ന വി. ശിവന്‍കുട്ടിയുടെ പരിഹാസവാക്കുകള്ക്കാണ് സംസ്ഥാന പ്രസിഡന്റിന്റെ വിജയത്തിലൂടെ ബി.ജെ.പി. മറുപടി നല്‍കിയത്.
വട്ടിയൂര്‍ക്കാവ് കഴിഞ്ഞാല്‍ കേരളം ഉറ്റുനോക്കിയ ത്രികോണ മത്സരമാണ് തിരുവനന്തപുരത്തെ നേമത്തു നടന്നത്. കേരളത്തില്‍ ആദ്യം താമര വിരിയിച്ച നേമം മണ്ഡലം ശക്തമായ യു.ഡി.എഫ്. തരംഗത്തിലും തിരിച്ചുപിടിച്ചത് ബി.ജെ.പിക്ക് വലിയ നേട്ടമാണ്.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടിയെ അട്ടിമറിച്ചാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇവിടെ ചരിത്ര വിജയം കുറിച്ചത്. 4310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖര്‍ നേമത്ത് വിജയക്കൊടി പാറിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ ഏറ്റവും അഭിമാനമണ്ഡലമായിരുന്നു നേമം. ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറിന്റെ വിജയത്തിനു പിന്നാലെ രാജീവ് ചന്ദ്രശേഖറിലൂടെ നേമവും വി. മുരളീധരനിലൂടെ കഴക്കൂട്ടവും സ്വന്തമാക്കിയതോടെ കേരള നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുണ്ടാകും.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ശിവന്‍കുട്ടിക്ക് രാജീവ് ചന്ദ്രശേഖറിനുമേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം വഴി വിജയിച്ചു കയറാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ നേമത്ത് പാടെ പിഴച്ചു. ബി.ജെ.പിയുടെ വോട്ട് ബാങ്കുകള്‍ ഒട്ടും ചോരാതെ ഉറച്ചുനിന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിന് അടിത്തറ പാകിയത്.
ഒ. രാജഗോപാലിലൂടെ ബി.ജെ.പിക്ക് ആദ്യമായി അക്കൗണ്ട് തുറന്നു കൊടുത്ത നേമം, പിന്നീട് ശിവന്‍കുട്ടിയിലൂടെ സി.പി.എം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ തന്നെ കളത്തിലിറക്കിയ ബി.ജെ.പി. തന്ത്രം ഫലം കണ്ടു. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള രാജീവിന്റെ പ്രവര്‍ത്തനങ്ങളും വികസന അജന്‍ഡയും വോട്ടര്‍മാരെ സ്വാധീനിച്ചു. കോര്പ്പറേഷന് ഭരണത്തിലെ അഴിമതിയും ആര്യ രാജേന്ദ്രന് ഇഫക്റ്റും തലസ്ഥാനത്തെ എല്‍.ഡി.എഫ്. വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കി. നേമത്തെ വിജയം ബി.ജെ.പിക്കു കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ മേല്‍ക്കോയ്മ നല്കുന്നു. നിയമസഭയില്‍ ഇനി ശക്തമായ ശബ്ദമായി മാറാന്‍ ബി.ജെ.പിക്കു സാധിക്കും.
ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും താമര വിരിഞ്ഞതോടെ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പരാജയപ്പെട്ട എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ കനത്ത ഞെട്ടലിലാണ്. വി. ശിവന്‍കുട്ടിയുടെ തോല്‍വി സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം തലസ്ഥാനത്തെ വലിയ തിരിച്ചടിയാണ്. എസ് ഡി.പി.ഐയുടെ പരസ്യപിന്തുണ സ്വീകരിച്ച് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ വി. ശിവന്‍കുട്ടിക്ക് സി.പി.ഐ. ശക്തികേന്ദ്രങ്ങളില്‍ പോലും കാലിടറി.






