
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം. തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരാനിരിക്കെ നേതൃത്വത്തിന് മുന്നില്‍ കടുത്ത വെല്ലുവിളികളാണുള്ളത്.
ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ പാര്‍ട്ടിയില്‍ വലിയ അതൃപ്തി പുകയുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണം സര്‍ക്കാരിനെതിരെയുള്ള വിരുദ്ധ വികാരത്തേക്കാള്‍ ഉപരി മുഖ്യമന്ത്രിക്കെതിരെയുള്ള ജനരോഷമാണെന്നാണ് പല സമിതികളിലും ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. സി.പി.എമ്മിനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതില്‍ ബിനോയ് വിശ്വം പരാജയപ്പെട്ടെന്നും ആരോപിക്കുന്നു.
തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് മറ്റൊരു കാരണമായി വിലയിരുത്തുന്നത്. നാദാപുരം, തൃശൂര്‍, അടൂര്‍, പീരുമേട് മണ്ഡലങ്ങളിലെ തീരുമാനങ്ങള്‍ തിരിച്ചടിയേറ്റതായി കണക്കാക്കുന്നു. നാദാപുരത്ത് സി.എന്‍. ചന്ദ്രന് അനുകൂലമായുള്ള പ്രാദേശിക താല്‍പ്പര്യത്തെ മറികടന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരിയുടെ ഭാര്യയായ പി. വസന്തത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് സ്വജനപക്ഷപാതം ആണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതെല്ലാം വരുന്ന ദിവസങ്ങളില്‍ ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ചയായി മാറും.
2001-ല്‍ ഏഴ് സീറ്റുകളിലൊതുങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്തവണ പാര്‍ട്ടി നേരിട്ടത്. 25 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വെറും എട്ട് ഇടങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു.






