
കൊല്‍ക്കത്ത: മമതാബാനര്‍ജിയുടെയും ടിഎംസിയുടേയും അപ്രമാദിത്യം അവസാനിപ്പിക്കാനും സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും ബിജെപി ഉപയോഗിച്ച തന്ത്രങ്ങളില്‍ ബംഗാളികളുടെ ഇഷ്ടമായ സ്പോര്‍ട്സ് വരെ ഉപയോഗിച്ചു. ഫുട്ബോള്‍ ജീവശ്വാസമായി കരുതുന്ന സംസ്ഥാനത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റുകളും ക്രിക്കറ്റ് മേളയുമെല്ലാം സംഘടിപ്പിച്ചത് അവര്‍ക്ക് വലിയ സ്വാധീനമാണ് നല്‍കിയത്. ഫുട്ബോളും ക്രിക്കറ്റും തന്ത്രപരമായി ഉപയോഗിച്ചതിലൂടെ യുവാക്കളെയും വനിതാ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 294 അംഗ നിയമസഭയില്‍ 206 സീറ്റുകള്‍ നേടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി (ആഖജ) ബംഗാളില്‍ ഉജ്ജ്വല വിജയം നേടിയത്. ഇതാദ്യമായാണ് ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 2011-ല്‍ കേവലം 4 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് ഈ വളര്‍ച്ച അവിശ്വസനീയമാണ്. 2019-ല്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. 2021-ല്‍ 77 സീറ്റുകള്‍ നേടി പാര്‍ട്ടി പ്രധാന പ്രതിപക്ഷമായി.
ബംഗാളില്‍ ഫുട്ബോളിന് വലിയ സ്വാധീനമുണ്ട്, ജനങ്ങള്‍ ഈ കായിക വിനോദവുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജനങ്ങളിലേക്ക് എത്താനുള്ള ഒരു ഉപകരണമായി ബിജെപി ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു. 1,200 പുരുഷ ടീമുകളും 18,000 താരങ്ങളും പങ്കെടുത്ത നരേന്ദ്ര കപ്പ് ഫുട്ബോള്‍ ബിജെപി സംഘടിപ്പിച്ചു. ഏകദേശം ഒരു ലക്ഷത്തോളം താരങ്ങള്‍ക്ക് ജഴ്സികളും ടി-ഷര്‍ട്ടുകളും വിതരണം ചെയ്തു. 80,000-ത്തിലധികം ഫുട്ബോളുകളും നല്കി. വനിതാ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് 253 ടീമുകള്‍ പങ്കെടുത്ത വനിതാ ടൂര്‍ണമെന്റും പാര്‍ട്ടി സംഘടിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ച 5000-ത്തിലധികം ക്രിക്കറ്റ് ബാറ്റുകളും പാര്‍ട്ടി വിതരണം ചെയ്തു. ഈ തന്ത്രങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും മമതയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കാനും ബിജെപിയെ സഹായിച്ചു.
തിരഞ്ഞെടുപ്പില്‍ ടിഎംസി പരാജയപ്പെട്ടതിന് പിന്നില്‍ അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോളര് മെസ്സി വരെ കാരണമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ലയണല്‍ മെസ്സി തരംഗം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ കെടുകാര്യസ്ഥത പരാജയത്തിന് ഒരു കാരണമായെന്ന് പലരും വിശ്വസിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് 'ലോക ടൂറി'ന്റെ ഭാഗമായി മെസ്സി ഇന്ത്യ സന്ദര്‍ശിച്ചത്.
കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ വന്‍ ജനക്കൂട്ടം എത്തിയെങ്കിലും സംഘാടനത്തിലെ പിഴവുകള്‍ കാരണം മെസ്സി നേരത്തെ മടങ്ങി. ഇത് ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ അന്നത്തെ കായിക മന്ത്രി അരൂപ് ബിശ്വാസ് ടോളിഗഞ്ച് സീറ്റില്‍ നിന്ന് പരാജയപ്പെട്ടത് ഈ വാദത്തിന് ബലം നല്കുന്നു. കേരളത്തിലും മെസ്സിയുടെ സന്ദര്‍ശനം ഇടതുസര്‍ക്കാരിനെ വിവാദത്തിലാക്കിയിരുന്നു.






