
ലണ്ടന്‍: സ്വന്തം മണ്ണില്‍ നടന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ ഇംഗ്ളീഷ് വമ്പന്മാരായ ആഴ്സണല്‍ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്സ് വിജയിച്ചത്. 2006-ന് ശേഷം ആദ്യമായാണ് അഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് (45ാം മിനിറ്റില്‍) ബുകായോ സാക്കയാണ് അഴ്സണലിന്റെ വിജയഗോള്‍ നേടിയത്. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ യാന്‍ ഒബ്ലാക്ക് തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ സാക്ക പന്ത് വലയിലെത്തിച്ചു. അഴ്സണല്‍ തങ്ങളുടെ ആദ്യ യൂറോപ്യന്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഈ കിരീടം നേടാനായിട്ടില്ല. ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന 2026 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് നടക്കുന്ന ബയേണ്‍ മ്യൂണിക്ക് പിഎസ്ജി പോരിലെ ജേതാക്കളെ നേരിടും.
അഴ്സണല്‍ പ്രതിരോധത്തില്‍ ഗബ്രിയേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രീസ്മാന് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് കരുതപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. അത്ലറ്റിക്കോയുടെ അന്റോയിന്‍ ഗ്രീസ്മാന്, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ക്ക് തിളങ്ങാനാകാതെ വന്നത് അത്ലറ്റിക്കോയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായി മാറി.





