
തിരുവനന്തപുരം/കൊച്ചി: വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് ഹോട്ടലുകള്‍ അടച്ചിടും. കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ബേക്കറി, റസ്റ്ററന്റുകള്‍, ക്യാന്റീനുകള്‍ എന്നിവയും 24 മണിക്കൂര്‍ സമരത്തിന്റെ ഭാഗമായി ഇന്ന് അടച്ചിടും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിര്‍ത്തിവയ്ക്കും.
പാചകവാതക വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ.ഒ.സി. ഓഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓള് കേരളാ കേറ്ററേഴ്സ് അസോസിയേഷന്, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന് അടക്കമുള്ള സംഘടനകള്‍ കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരളാ ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പശ്ചിമേഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.പി.ജി. നിയന്ത്രണം ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിനിടെ 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചത് ഇരുട്ടടിയായി. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 3,000 രൂപ കടന്നു. ഇത് ഹോട്ടലുകള്‍ പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷന് പറയുന്നത്.






