
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മൗനം തുടര്‍ന്ന് പിണറായി വിജയന്. രണ്ടുദിവസമായിട്ടും മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സിപിഐഎമ്മിന്റെയും സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും തീരുമാനം വന്നേക്കും.
പ്രതിപക്ഷനേതാവായി പിണറായി വിജയന് തന്നെ വരണമെന്ന് സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. തോല്‍വി നേരിട്ടതിന്റെ പേരില്‍ പിണറായി മാറി നില്‍ക്കേണ്ടതില്ലെന്നും ശക്തമായ ഒരു തിരിച്ചുവരവിന് പിണറായിയുടെ നേതൃത്വം തന്നെയാണ് നല്ലതെന്നുമാണ് ഇവരുടെ അഭിപ്രായം. അതേസമയം പുതിയ തലമുറയിലെ ആരെങ്കിലും പ്രതിപക്ഷ നേതാവാകട്ടെ എന്ന അഭിപ്രായം പാര്‍ട്ടിയിലെ യുവതലമുറയില്‍ പെട്ടവര്ക്കുണ്ട്. പിണറായി മാറി നിന്നാല്‍ കെ.എന്‍. ബാലഗോപാലിന്റെ പേരാണ് ഇവര്‍ മുമ്പോട്ട് വെയ്ക്കുന്നത്.
അതേസമയം തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നും ആകെ വിജയിച്ചത് മൂന്ന് പേരാണ്. മുഹമ്മദ് റിയാസിനും ബാലഗോപാലിനും പുറമേ സജി ചെറിയാനാണ് മൂന്നാമത്തെയാള്‍. കെ.എന്‍. ബാലഗോപാലിനേക്കാള്‍ സീനിയോറിറ്റി സജി ചെറിയാന് ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും ബാക്കിയാണ്. അതേസമയം ഇതുവരെ തോല്‍വിക്ക് ശേഷം മുഖ്യമന്ത്രി മൗനം മുറിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നെങ്കിലും മാധ്യമങ്ങളോട് ഒന്നും തന്നെ പറഞ്ഞില്ല.
അതേസമയം തന്നെ ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം പിണറായി മാധ്യമങ്ങളെ കാണുമോ എന്നാണ് ആകാംഷ. സാധാരണഗതിയില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത് പതിവുള്ളതാണ്. ഇത്തവണ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്ത് ഏറ്റ കനത്ത തോല്‍വിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തും. സിപിഐ നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്.






