
പാലാ: പൂവത്തിളപ്പ്മറ്റക്കര റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. പൂവത്തിളപ്പ് കവലയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മണലുങ്കലില്‍ ചെറുതോടിനോട് ചേര്‍ന്ന് നിങ്ങളെക്കാത്ത് വഴിയോരത്ത് ഒരു പാനീയക്കടയുണ്ട്.
വിവിധ സ്ക്കൂളുകളില്‍ പഠിക്കുന്ന ഒരു കുട്ടം കുട്ടികളാണ് യാത്രക്കാരുടെ ദാഹമകറ്റാന്‍ വഴിയോരത്ത് പാനീയക്കട തുടങ്ങിയത്. വേനലവധിക്കാലത്ത് മൊബൈല്‍ നോക്കി സമയം കളഞ്ഞിരുന്ന സമയത്ത് മണലുങ്കല്‍ താന്നിയ്ക്കല്‍ വീട്ടില്‍ അനിരുദ്ധ് സന്തോഷിന് മനസില്‍ തോന്നിയ ആശയം കൂട്ടുകാരോട് പങ്ക് വച്ചതോടെയാണ് പാനീയക്കട എന്ന ആശയത്തിന് തുടക്കം കുറിച്ചത്.വീട്ടുകാരോട് ആലോചിച്ചപ്പോള്‍ അവര്‍ക്കും സന്തോഷം.
നാട്ടിലെ കുംഭകുട സമിതിയുടെ സമ്മാന കൂപ്പണ്‍ വിറ്റ് കിട്ടിയ തുകയാണ് ആകെ കൈയ്യിലുണ്ടായിരുന്നത്.വീട്ടുകാരും കൂടി സഹായിച്ചപ്പോള്‍ കട തുടങ്ങാനുള്ള പണം ലഭിച്ചു.പ്ലസ്ടു കഴിഞ്ഞ് നില്ക്കുന്ന അനിരുദ്ധിന്റെ സഹോദരി അരുന്ധതി സന്തോഷ് സംഭാരവും തണ്ണിമത്തന് പൈനാപ്പിള്‍ ജൂസ് ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങളും,ഉപ്പിലിട്ട വാഴപ്പിണ്ടിയും, കുക്കുമ്പറും മറ്റും ഉണ്ടാക്കാന്‍ കുട്ടികളെ പഠിപ്പിച്ചു.
വഴിയോരത്ത് കടതുടങ്ങിയപ്പോള് സമീപത്ത് പെട്ടക്കട നടത്തുന്ന ശശിച്ചേട്ടന് തന്റെ കടയിലെ ശീതളപാനീയങ്ങള്‍ ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ നല്കിയതിനോടൊപ്പം തന്റെ കടയിലെ പാനീയക്കച്ചവടം നിര്‍ത്തുകയും ചെയ്തു.അടുത്തുള്ള മറ്റൊരു കടക്കാരും കുട്ടിക്കൂട്ടത്തിന് സഹായമായി തങ്ങളുടെ കടയിലെ പാനീയക്കച്ചവടം താല്കാലികമായി നിര്‍ത്തിവച്ചു.ഫേസ് ബൂക്ക് റീല്‍ ക്രിയേറ്ററായ അനീഷ് വലവന്‍ കുട്ടികള്‍ക്ക് ചൂടില്‍ നിന്ന് സംരക്ഷണത്തിനായി വലിയ ഒരു കുട നല്കി.
നാട്ടുകാരുടെയും അകലക്കുന്നം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൂടി സപ്പോര്‍ട്ട് ആയപ്പോള്‍ കച്ചവടം ഉഷാറായി.ഇപ്പോള്‍ ദിവസേന രണ്ടായിരത്തിലധികം രൂപ ഇവര്‍ പാനീയം വിറ്റ് ഉണ്ടാക്കുന്നുണ്ട്.വേനലവധിക്കാലം കളിയും മൊബൈല്‍ ഉപയോഗവും കൊണ്ട് സമയം കളയുന്ന കുട്ടികള്‍ക്ക് ഇവര്‍ മാതൃക ആവുകയാണ്.സ്കൂള്‍ തുറക്കുമ്പോള്‍ പഠനസാമഗ്രഹികള്‍ വാങ്ങാന്‍ അച്ഛനമ്മമാരെ സാഹായിക്കാനാണ് കുട്ടികളുടെ ലക്ഷ്യം.
മണലുങ്കല്‍ ഹോളി ഫാമിലി എല്‍.പി സ്ക്കുള്,സെന്റ് അലോഷ്യസ് ഹൈസ്കൂള്‍,ആനിക്കാട് അരവിന്ദ സ്കൂള്‍,കൂരോപ്പട സാന്താമരിയ സ്കൂള്‍,മഞ്ഞാമറ്റം സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന മണലുങ്കല്‍ വെട്ടുകല്ലാംകുഴി നിരഞ്ജന്, ഇവാന് ഇമ്മാനുവേല്‍,ചൊള്ളംപുഴ, താന്നിയ്ക്കല്‍ അനിരുദ്ധ് സന്തോഷ്. ഈട്ടിയ്ക്കല്‍ അമിത്ര അരുണ്‍,തോട്ടുങ്കല്‍ ജോണ്‍ ജോബി,താന്നിയ്ക്കല്‍ ത്രിലോക് സനൂബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ കുട്ടി സംരഭത്തിന് വഴിതുറന്നത്.നാടിന് തന്നെ മാതൃകയായ ഈ കുട്ടിക്കൂട്ടം ബാലസംഘം മണലുങ്കല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ കൂടിയാണ്.






